തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസമുണ്ടാകുമെന്ന സൂചന നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഫെബ്രുവരി 15ന് ശേഷമാകും പ്രഖ്യാപനമുണ്ടാകുക. ഇതോടെ സംസ്ഥാനത്ത് പെരുമാറ്റചട്ടവും നിലവില്‍ വരും.

ഏപ്രില്‍ 30നകം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാനാണ് ആലോചന. അതേസമയം മറ്റുസംസ്ഥാനങ്ങളിലേതുപോലെ വിവിധ ഘട്ടങ്ങളായി നടക്കാനിടയില്ല. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ എത്തുന്നതോടെ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കും.

അതേസമയം, നാളെ അന്തിമ വോട്ടോര്‍പട്ടിക നിലവില്‍വരും. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ തുടര്‍ന്നും അവസരമുണ്ടാകുമെന്നും ടികാറാം മീണ അറിയിച്ചു. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.