തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ജനുവരി 21 ന് സംസ്ഥാനത്തെത്തും. വിവിധ രാഷ്ട്രീയ കക്ഷികളുമായി സംഘം ചര്‍ച്ച നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താനായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം സംസ്ഥാനത്ത് എത്തുന്നത്. 21ന് തലസ്ഥാനത്തും 22 ന് രാവിലെ കണ്ണൂരിലും ഉച്ചയ്ക്ക് എറണാകുളത്തും ചര്‍ച്ചകള്‍ നടക്കുമെന്ന് ടീക്കാ റാം മീണ പറഞ്ഞു.

മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ സുരക്ഷ ശക്തമാക്കും. ജനപ്രതിനിധികള്‍ അടക്കമുള്ളവരില്‍ നിന്ന് പരാതി ലഭിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരിലും സുരക്ഷ ശക്തമാക്കും. 80വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍വോട്ട് അനുവദിക്കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളെ അറിയിച്ചു.

ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണമെന്നായിരുന്നു കമ്മിഷന്റെ നിര്‍ദേശം. ഐ.ജി വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ബാധകമാണ്. ഡി.ജി.പിക്ക് സ്ഥലംമാറ്റം ബാധകമല്ലെന്നും ഈ വിഷയത്തില്‍ അന്തിമ തീരുമാനം ചര്‍ച്ചചെയ്ത് സ്വീകരിക്കുമെന്നും ടീക്കാ റാം മീണ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ ചില കളക്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പരാതികള്‍ പരിശോധിച്ച് വേണ്ട ക്രമീകരണം നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.