Connect with us

kerala

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളത്തില്‍ വേണ്ടെന്ന് യു.ഡി.എഫ്; റേഷന്‍ കാര്‍ഡും ആധികാരിക രേഖയാക്കണം

Published

on

തിരുവനന്തപുരം: ബിഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) കേരളത്തില്‍ നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ ശക്തമായ എതിര്‍പ്പുമായി യുഡിഎഫ്. എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് മുന്നോടിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.യു.ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് യു.ഡി.എഫ് പ്രതിനിധികള്‍ ശക്തമായ എതിര്‍പ്പറിയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത 52 ലക്ഷം പേരെ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം അനുവദിക്കാനാകില്ലെന്ന് യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. ആധാറിന് പുറമേ പതിമൂന്നാമത്തെ ആധികാരിക രേഖയായി റേഷന്‍കാര്‍ഡ് കൂടി അംഗീകരിക്കണം. ബീഹാര്‍ മോഡലിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ തോതിലുള്ള പ്രതിഷേധമുയര്‍ത്തുമ്പോള്‍ അതേ മോഡല്‍ കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നടപടികളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കടന്നിരിക്കേ അതോടൊപ്പം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപിടിയുമായി തിടുക്കത്തില്‍ മുന്നോട്ടു പോകാനുള്ള തീരുമാനം മാറ്റിവെക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്ര കാലവും വോട്ടര്‍പട്ടിക പുതുക്കിയത് ഏറ്റവും ഒടുവിലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കിയായിരുന്നെങ്കില്‍ എസ്.ഐ.ആര്‍ പരിഷ്‌കരണത്തിന് 2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കുന്നത് തികച്ചും ദുരൂഹമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു.

2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കിയുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലൂടെ കഴിഞ്ഞ 4 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 5 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വോട്ടു രേഖപ്പെടുത്തിയ 52 ലക്ഷം അര്‍ഹരായ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുമെന്ന് യോഗത്തില്‍ സി.പി.എം പ്രതിനിധി എം.വി ജയരാജന്‍ പറഞ്ഞു. എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നത് ഒഴിവാക്കി ബി.എല്‍.ഒമാര്‍ വീടു വീടാന്തരം കയറി എന്യൂമറേഷന്‍ നടത്തുകയാണ് വേണ്ടതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 7 മാസം കൂടി ഉണ്ടെന്നിരിക്കെ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിന്റെ പ്രസക്തിയെന്തെന്നായിരുന്നു സി.പി.ഐ പ്രതിനിധി കെ.രാജുവിന്റെ ചോദ്യം. അതേസമയം എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ബി.ജെ.പി പ്രതിനിധി ബി ഗോപാലകൃഷ്ണന്‍ സ്വാഗതം ചെയ്തു.

kerala

മലപ്പുറം കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍ തഹസില്‍ദാറിന് സങ്കട ഹര്‍ജി നല്‍കി

വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ അസാധാരണ സമ്മര്‍ദത്തിലൂടെയാണ് ചെയ്യേണ്ടിവരുന്നതെന്നും ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ പൊതുജനത്തിന്റെ വിരോധം നേരിടേണ്ടി വരുമെന്ന ഭയമുണ്ടെന്നും ഹര്‍ജിയില്‍ ബിഎല്‍ഒമാര്‍ വ്യക്തമാക്കി.

Published

on

കൊണ്ടോട്ടി (മലപ്പുറം): അമിതമായ ജോലി ഭാരം താങ്ങാനാവില്ലെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി താലൂക്കിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) തഹസില്‍ദാറിന് സങ്കട ഹര്‍ജി നല്‍കി. വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ അസാധാരണ സമ്മര്‍ദത്തിലൂടെയാണ് ചെയ്യേണ്ടിവരുന്നതെന്നും ആരുടേയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ പൊതുജനത്തിന്റെ വിരോധം നേരിടേണ്ടി വരുമെന്ന ഭയമുണ്ടെന്നും ഹര്‍ജിയില്‍ ബിഎല്‍ഒമാര്‍ വ്യക്തമാക്കി.

അശാസ്ത്രീയമായി ഫോം വിതരണം നടക്കുന്നത് ജോലിഭാരം കൂട്ടുന്നുവെന്നും വളരെ കുറച്ച് സമയത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കേണ്ട സ്ഥിതി തങ്ങള്‍ നേരിടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജോലികളുടെ വേഗതയുള്ള നിര്‍വഹണം കാരണം നിരവധി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചേര്‍ക്കപ്പെടാതെ പോകാനുള്ള സാധ്യതയുണ്ടെന്നും പിന്നീട് ജനങ്ങള്‍ തന്നെ എതിര്‍പ്പോടെ പ്രതികരിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ ഫോം വിതരണം ചെയ്യുകയും തിരികെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡാറ്റ എന്‍ട്രിയും നിര്‍ബന്ധമാക്കിയതായി ബിഎല്‍ഒമാര്‍ അറിയിച്ചു. സര്‍വര്‍ തകരാറുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നത് പ്രായോഗികമല്ലെന്നും സമയം നീട്ടിക്കൊടുക്കണമെന്ന് തഹസില്‍ദാറിന് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബംഗളൂരു: വാടക മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് പരിശോധിക്കുന്നു. 21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബി.ബി.എം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിശ്രീ.

മുറി വാടകയ്ക്കെടുത്തത് മാനസ എന്ന സ്ത്രീയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം വര്‍ധന്‍ എന്ന യുവാവിനെതിരെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രാവിലെ 9.30 മുതല്‍ ദേവിശ്രീയും പ്രേമും ഒരുമിച്ച് മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി 8.30ഓടെ മുറി പുറത്തുനിന്ന് പൂട്ടി പ്രേം രക്ഷപ്പെട്ടതായി വിവരമുണ്ട്.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയന്ത് ടി (23)യാണ് മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Continue Reading

kerala

പോലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസ്: ഇടതു സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കുറ്റക്കാരെന്ന് കോടതി

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു.

Published

on

തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു. ഇവരില്‍ ഒന്നും രണ്ടും പ്രതികളായ നിഷാദിനും നന്ദകുമാര്‍ക്കുമാണ് കുറ്റം തെളിഞ്ഞത്. മിഥുനും കൃപേഷിനെയും കോടതി വെറുതെ വിട്ടു.

2012 ഓഗസ്റ്റ് 1-നാണ് സംഭവം നടന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞതെന്നും കേസ് വ്യക്തമാക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് തിരികെ പോകുകയായിരുന്ന പൊലീസ് സംഘത്തിന്മേലാണ് പ്രതികള്‍ ബൈക്കിലെത്തി ബോംബെറിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂട്ടര്‍മാരായ യു. രമേശന്‍, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.

Continue Reading

Trending