കോഴിക്കോട് നഗരത്തിലെ പോലീസ് അന്വേഷിച്ചുവരികയായിരുന്ന മൊബൈൽ കവർച്ച സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.തലശ്ശേരി ചക്കും കുനിയിൽ റെനീഷ് (34വയസ്സ്), പയ്യന്നൂർ കാമ്പുറത്ത് സുമേഷ് (38 വയസ്സ്) കാസർഗോഡ് പുത്തൻപുരയിൽ രാജേഷ് (35 വയസ്സ്) വെള്ളയിൽ തൊടിയിൽ അമൃതേഷ് (29 വയസ്സ്) കൽപ്പറ്റ ജാൻ വർഗ്ഗീസ് കോളനിയിൽ ബാബു (37 വയസ്സ്) എന്നിവരെയാണ് കസബ ഇൻസ്പെക്ടർ ഷാജഹാനും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും
ചേർന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി കോട്ടയത്തുനിന്നും വന്ന് വീട്ടിലേക്കുള്ള ബസ്സിനായി കെ.എസ്.ആർ.ടിസി ബസ്സ് സ്റ്റാൻ്റിൽ കാത്തു നിൽക്കുമ്പോൾ സംഘം പരിചയം നടിച്ച് ഇയാളുടെ അടുത്തെത്തി തടഞ്ഞു നിർത്തി പേഴ്സും മൊബൈൽ ഫോണും പിടിച്ചുപറിച്ചു കൊണ്ടു ഓടി പോവുകയായിരുന്നു. സംഭവം അറിഞ്ഞ് കസബ പോലീസ് പട്രോളിംഗ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല.

കഴിഞ്ഞ ദിവസം പിടിച്ചുപറിച്ച മൊബൈൽ ഫോൺ ആളൊഴിഞ്ഞ സമയം നോക്കി ഗൾഫ് ബസാറിൽ വിൽക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ കടയുടമ സമീപത്ത് ഉണ്ടായിരുന്ന ആളുകളെ വിവരം അറിയിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയും കവർച്ച നടത്തിയ മൊബൈൽ ഫോൺ സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,എം. ഷാലു, ശ്രീജിത്ത് എന്നിവരെ കൂടാതെ കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീജേഷ്,സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.