തിരുവനന്തപുരം: എം.ടി വാസുദേവന്‍നായര്‍ക്കെതിരെ വീണ്ടും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല രംഗത്ത്. എം.ടിയുടെ നിര്‍മാല്യം സിനിമ പുറത്തിറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നെങ്കില്‍ കാണാമായിരുന്നുവെന്ന് ശശികല പറഞ്ഞു. ഹിന്ദുസംഘടനകള്‍ അന്ന് ശക്തരല്ലാതിരുന്നത് കൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്ന ഭാഗം എതിര്‍ക്കപ്പെടാതെ പോയതെന്നും ശശികല പറഞ്ഞു. നിര്‍മാല്യത്തിന്റെ അവസാന സീനില്‍ ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തലവെട്ടിപൊളിച്ച് വെളിച്ചപ്പാട് വിഗ്രഹത്തിനു നേരെ ആഞ്ഞു തുപ്പുന്ന രംഗമുണ്ട്. എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ പുറത്തിറക്കുന്നതിനെ ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് ശശികലയുടെ പ്രതികരണം. മാവേലിക്കരയില്‍ ഹിന്ദു അവകാശ സംരക്ഷ യാത്രക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശങ്ങള്‍.
ഏതൊരാള്‍ക്കുമുള്ളത് പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്. വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ എം.ടിയുടെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ മഹാഭാരതം എന്ന പേരിടേണ്ടതില്ലെന്ന്് ശശികല ആവര്‍ത്തിച്ചു. എം.ടിയുടെ പള്ളിവാളും കാല്‍ചിലമ്പും എന്ന ചെറുകഥയാണ് നിര്‍മാല്യമായി ക്യാമറക്കു മുന്നിലെത്തിയത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചത് എം.ടി തന്നെയായിരുന്നു.
ഉറഞ്ഞുതുള്ളി വെളിച്ചപ്പാട് വിഗ്രഹത്തിനു നേരെ ആഞ്ഞു തുപ്പുന്ന സീന്‍ വളരെ കൃത്യതയോടെയാണ് പകര്‍ത്തിയത്. ആ രംഗം വളരെ തൃപ്തിയായി തോന്നുകയും ചെയ്തിരുന്നതായി എം.ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിര്‍മാല്യം പോലൊരു ചിത്രത്തിന്റെ ക്ലൈമാക്‌സ് ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ തല പോകുമായിരുന്നുവെന്ന് അടുത്തിടെ എം.ടി തിരുത്തുകയും ചെയ്തത് വാര്‍ത്തയായിരുന്നു.
നിര്‍മാല്യത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ ആന്റണിക്ക് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.