കോഴിക്കോട്: മുഖം മറക്കുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ വിഷം ചീറ്റി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. പൊതുസ്ഥലത്ത് മുഖം മറക്കുന്ന വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കാത്ത നിയമം കൊണ്ടു വരണം. അതിനുവേണ്ടിയുള്ള നിയമനിര്‍മാണത്തിന് പൊതുമധ്യത്തില്‍ നിന്ന് ആവശ്യം ഉയരണം-ശശികല പറഞ്ഞു. ഭീകരവാദത്തിന്റെ സര്‍വകലാശാലയായി കേരളം മാറിയെന്നും മതപാഠശാലകളില്‍ പഠിപ്പിക്കുന്നതെന്താണെന്ന് ഭരണകൂടം അന്വേഷിക്കണമെന്നും ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ കൊലപാതകം അടക്കമുള്ള ആരോപണങ്ങളും ഉന്നയിച്ചു. 1921ല്‍ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികളാക്കിയ നാടാണിതെന്നാണ് ശശികലയുടെ പരാമര്‍ശം.

മതമൗലിക വാദികള്‍ പണംകൊടുത്ത് വളര്‍ത്തുന്നവരാണ് രാഷ്ട്രീയക്കാരെന്നും മതമൗലിക വാദികളെ എതിര്‍ക്കുന്നവരോടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പെന്നും ശശികല പറഞ്ഞു.