പറവൂര്‍: മതേരതര എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രസിഡന്റ് കെ.പി ശശികല. പറവൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ശശികലയുടെ എഴുത്തുകാരോടുള്ള വെല്ലുവിളി. അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തിയില്ലെങ്കില്‍ മക്കള്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും അവര്‍ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും പോലീസ് ശേഖരിച്ചുവരികയാണ്. വിശദാംശങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ശശികലയുടെ വിദ്വേഷ പ്രസംഗം. അതേസമയം, കോണ്‍ഗ്രസ്സിന്റെ ആവശ്യമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്നാണ് ശശികലയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ശശികലയുടെ പ്രസംഗം ഇങ്ങനെ,

‘ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരികയെന്ന് പറയാന്‍ ഒരു പിടിത്തവും ഉണ്ടാകില്ല. ഓര്‍ത്തുവെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തില്‍പോയ കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപോലെ നിങ്ങളും ഇരയാക്കപ്പെടും.’