മലപ്പുറം: കെ.ടി ജലീലിനെ മുസ്‌ലിം ലീഗ് ശത്രുവായി പരിഗണിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ലീഗിനെ പഴി പറഞ്ഞ് വീഴ്ചയില്‍ നിന്ന് തടിയൂരാനുള്ള തന്ത്രം നടക്കില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ലീഗ് തോല്‍ക്കുമെന്ന് പറഞ്ഞ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ ജലീല്‍ തയ്യാറുണ്ടോയെന്ന് കെപിഎ മജീദ് പറഞ്ഞു. ഈ മണ്ഡലങ്ങളില്‍ ജലീലിനെ നിഷ്പ്രയാസം തോല്‍പിക്കാന്‍ ലീഗിന് കഴിയും. അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും കെപിഎ മജീദ് പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ജലീല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗനിക്കേണ്ടതില്ലെന്നാണ് ലീഗ് തീരുമാനം. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചതോടെ തോല്‍വി മുന്നില്‍ കണ്ടാണ് ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിക്കുന്നത്.

സ്വന്തം കുറ്റം മറച്ചുവെക്കാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്. സ്വന്തം കുറ്റം മറച്ചുവെക്കാനുള്ള ജലീലിന്റെ ചെപ്പടി വിദ്യയാണിത്. ഇത്തരം ആരോപണങ്ങള്‍ തരംതാണ രാഷ്ട്രീയമാണെന്നും കെപിഎ മജീദ് പറഞ്ഞു.