Connect with us

kerala

അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ പോരാട്ട സ്മരണകള്‍ പ്രചോദനമാകണം: കെ.പി.എ മജീദ്

മുസ്ലിം യൂത്ത് ലീഗ് സ്മൃതി വിചാര സദസ്സുകള്‍ക്ക് തുടക്കമായി

Published

on

കുറ്റ്യാടി: രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ പോരാട്ട സ്മരണകള്‍ പ്രചോദനമാകണമെന്ന് മുസ്ലിംലീഗ് നിയമസഭാ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ സ്മൃതി വിചാരം ഭാഷാ സമര അനുസ്മരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുറ്റ്യാടി മണ്ഡലത്തിലെ മണിയൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായാണ് ജൂലൈ 30 യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലം തലത്തില്‍ സ്മൃതി വിചാരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കിയും പതിവ് രീതികളെ മറികടന്നും പാര്‍ലമെന്റില്‍ വിവാദ ബില്ലുകള്‍ പാസ്സായിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയോ ഭരണകൂടമോ ഒരക്ഷരം ഉരിയാടുന്നില്ല കെ.പി.എ മജീദ് തുടര്‍ന്നു. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും സര്‍ക്കാര്‍ വഴുതി മാറുകയാണ്. ന്യൂനപക്ഷ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുന്നു. വഖഫ് നിയമം റദ്ദാക്കാന്‍ ശ്രമം നടക്കുന്നു. മുസ്ലിംകള്‍ വിവാഹമോചനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വിചിത്രമായ സംഭവവും രാജ്യത്ത് നടന്നു. ഏകീകൃത സിവില്‍ കോഡ് ആര്‍ക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നത് എന്ന കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങളുടെ ഭക്ഷണത്തിലും ഭാഷയിലും കൈകടത്തല്‍ നടക്കുന്നു. അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ ഭാഷാ സമര സ്മരണകള്‍ പോരാട്ടത്തിനുള്ള പ്രചോദനമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മന്‍സൂര്‍ ഇടവലത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ കാമ്പയിന്‍ പ്രമേയ പ്രഭാഷണം നടത്തി.ചടങ്ങില്‍ വെച്ച് പഴയകാല നേതാക്കളായ കെ കെ അമ്മത് മാസ്റ്റര്‍, ടി ടി കുഞ്ഞബ്ദുല്ല ഹാജി, പ്രഫ.ഇ കെ അഹമ്മദ്, സി കെ പോക്കര്‍ മാസ്റ്റര്‍ എന്നിവരെ കെ.പി.എ മജീദ് ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള, മിസ്ഹബ് കീഴരിയൂര്‍, ടി മൊയ്തീന്‍ കോയ, നൊച്ചാട് കുഞ്ഞബ്ദുല്ല, കെ സി മുജീബ് റഹ്മാന്‍, കെ.ടി അബ്ദുറഹ്മാന്‍, ഡോ. സമദ് വേളം, പി.എം അബൂബക്കര്‍ മാസ്റ്റര്‍, ചുണ്ടയില്‍ മൊയ്തു ഹാജി, ഷരീഫ് സാഗര്‍, ഷുഹൈബ് കുന്നത്ത്, എം പി ഷാജഹാന്‍, വി. അബ്ദുല്‍ ജലീല്‍, സി. സിറാജ്, സയ്യിദലി തങ്ങള്‍, വി. റഷാദ്, അഫ്‌നാസ് ചോറോട് സംസാരിച്ചു. സി.എ നൗഫല്‍ സ്വാഗതവും ഇ.പി സലീം നന്ദിയും പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടത്തുന്ന സ്മൃതി വിചാരം പരിപാടിയില്‍ അറബി ഭാഷാ സമരത്തില്‍ രക്തസാക്ഷികളായ മജീദ്-റഹ്മാന്‍-കുഞ്ഞിപ്പ അനുസ്മരണത്തോടൊപ്പം കഴിഞ്ഞ കാലങ്ങളില്‍ സംഘടനക്ക് നേതൃത്വം നല്‍കിയവരുടെ ഒത്ത്കൂടലും ഓര്‍മപുതുക്കലും കൂടിയാകും. ചടങ്ങില്‍ വെച്ച് പഴയകാല നേതൃത്വത്തെ ആദരിക്കുകയും ചെയ്യും. സംസ്ഥാന വ്യാപകമായി വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് സ്മൃതി വിചാര സദസ്സുകള്‍ നടക്കും.

കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാന, ജില്ല, മണ്ഡലം തലങ്ങളില്‍ യൂത്ത് ലീഗ് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച എല്ലാവരുടെയും പങ്കാളിത്തം സ്മൃതി വിചാരം പരിപാടിയില്‍ ഉണ്ടാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അഭ്യര്‍ത്ഥിച്ചു. സ്മൃതി വിചാര സംഗമത്തോടൊപ്പം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി ശാഖ തലത്തില്‍ പതാക ഉയര്‍ത്താനും ശുചീകരണ പ്രവര്‍ത്തികളും മറ്റും നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.

 

india

ശുചീകരണ തൊഴിലാളികള്‍ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവര്‍; ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ

ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

Published

on

ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

2013 ലെ മാന്വല്‍ തോട്ടിപ്പണി നിരോധന – പുനരധിവാസ നിയമം പ്രകാരം തൊഴിലുടമ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടതും നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കേണ്ടതും നിര്‍ബന്ധമാണ്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് 2023-24 ല്‍ യന്ത്രവല്‍കൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥയ്ക്കുള്ള നാഷണല്‍ ആക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. നമസ്‌തേ പദ്ധതി രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ട്. മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുകയും അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

അഴുക്കുചാലുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും സുരക്ഷിതമായ വൃത്തിയാക്കലിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍, ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റെഡി റെക്കണര്‍ സംവിധാനം, ആരോഗ്യ പരിശോധനകള്‍ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രാജ്യവ്യാപകമായി സഫൈമിത്ര സുരക്ഷാ ശിബിരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറയിച്ചു.

2022 ലും 2023 ലും നടന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 54 മരണങ്ങളില്‍ 49 എണ്ണത്തിലും മരണപ്പെട്ട തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളോ പിപിഇ കിറ്റുകളോ നല്‍കിയിട്ടില്ല എന്നത് വസ്തുതയാണോ എന്നതിനെക്കുറിച്ചും മാലിന്യ സംസ്‌കരണം, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഏജന്‍സികളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

kerala

അമ്മ’യുടെ തലപ്പത്ത് വനിത വരണം; സംഘടന സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കണം; ഹണിറോസ്

അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

Published

on

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിത വരണമെന്നും സ്ത്രി പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി ഹണിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

സംഘടനയുടെ തലപ്പത്ത് വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വര്‍ഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാന്‍ ആഗ്രഹിക്കുന്നു’ എന്നയിരുന്നു ഹണി റോസിന്റെ പ്രതികരണം.

ശ്വേത മേനോന്റെ പേരിലുള്ള കേസിനെ കുറിച്ച് അറിയില്ലെന്നും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും നടി പറഞ്ഞു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നായിരുന്നു ശ്വേത മേനോനെതിരായി നല്‍കിയ പരാതി. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ശ്വേത മേനോന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ നടപടികള്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്.

അമ്മയുടെ ഭാരവാഹിയായ ജഗദീഷ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മോനോന്‍ എത്താന്‍ സാധ്യത കൂടിയിരുന്നു. ഇതിനു പിന്നാലെ ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.

എന്നാല്‍ വിഷയത്തില്‍ ശ്വേത മേനോനെ പിന്തുണച്ച് ദേവന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending