കോഴിക്കോട്: മലബാര്‍ കലാപം സ്വാതന്ത്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണെന്നും വെള്ളക്കാരന്റെ ഒറ്റുകാരായി പ്രവര്‍ത്തിച്ച സംഘപരിവാര്‍ നേതാക്കള്‍ക്ക് ആ ഓര്‍മ്മകള്‍ ഭയപ്പാടുണ്ടാക്കുന്നതില്‍ അല്‍ഭുതമില്ലെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ആദ്യ ജിഹാദി കൂട്ടക്കുരുതിയായ 1921ലെ രക്തരൂക്ഷിത പോരാട്ടത്തിന്റെ നൂറാം വാര്‍ഷിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ആഹ്വാനം രാജ്യസ്‌നേഹികള്‍ പുഛിച്ചു തള്ളും.
മഹാത്മാഗാന്ധിജി ഉള്‍പ്പെടെ നേതൃത്വം നല്‍കിയ ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 1921ലെ സമരമുണ്ടായത്. എം.പി നാരായണ മേനോന്റെ ചരിത്രമെങ്കിലും കുമ്മനം വായിക്കണം. ചൂഷണത്തിനും അടിമത്വത്തിനുമെതിരായ മലബാര്‍ കലാപ നാളുകളില്‍ ബ്രിട്ടീഷ് പട്ടാളവും അവര്‍ക്ക് സഹായികളായി വര്‍ത്തിച്ച ഹിന്ദു ജന്മികള്‍ ഉള്‍പ്പെടെ പലരും പോരാളികളുടെ കത്തിക്കിരയായിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊന്നിനെ എത്തിച്ചാണ് അവര്‍ അന്ന് ആ മുന്നേറ്റത്തെ ചോരയില്‍ മുക്കിയത്.
ജലിയന്‍വാലാ ബാഗിനെക്കാള്‍ ഒട്ടും കുറയാത്ത ചരിത്ര പ്രാധാന്യമുള്ള ബ്രിട്ടീഷുകാര്‍ പോലും യുദ്ധം എന്ന് രേഖപ്പെടുത്തിയ സ്വാതന്ത്യ സമര രണാങ്കണത്തില്‍ സര്‍വ്വവും സമര്‍പ്പിച്ചവരെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഓര്‍ക്കുന്നതിന് സംഘപരിവാറിന്റെ തിട്ടൂരം ആവശ്യമില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരു നേതാവിനെപ്പോലും പറയാനില്ലാത്ത ആര്‍.എസ്.എസ് ദേശസ്‌നേഹത്തിന്റെ കുപ്പായമിട്ടു വരുന്നത് കൗതുകകരമാണ്.
എന്നും ബ്രിട്ടീഷുകാരന്റെ കാര്യസ്ഥരായി രാജ്യത്തെ ഒറ്റുകൊടുത്തവര്‍ക്ക് സ്വാതന്ത്ര്യസമരം എന്നു കേള്‍ക്കുന്നതും അതിന്റെ ഓര്‍മ്മകളും അലോസരമുണ്ടാക്കുന്നതില്‍ അല്‍ഭുതമില്ല. ഗന്ധിജിയുടെ വിനിമാറിലേക്ക് വെടിയുണ്ട പായിച്ചവരുടെ പിന്‍മുറക്കാര്‍ക്ക് മലബാര്‍ കലാപം ആദ്യ ജിഹാദി കൂട്ടക്കുരുതിയാവുന്നതില്‍ പുതുമയില്ലെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.