മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രി കെ.ടി ജലീല്‍ പയറ്റിയ അവസാന അടവും പരാജയപ്പെട്ടു. ജലീലിനെ പിന്തുണച്ചുകൊണ്ട് മകള്‍ അസ്മാ ബീവി പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.

എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്? എന്ന തലക്കെട്ടിലായിരുന്നു ജലീലിന്റെ മകളുടെ പോസ്റ്റ്. നിയമനം താല്‍ക്കാലികമാണ്, യൂത്ത്‌ലീഗ് വ്യക്തിവിരോധം തീര്‍ക്കുകയാണ്, ചാനലുകള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് തുടങ്ങിയ ജലീല്‍ നടത്തിയ ബാലിശമായ വാദങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അസ്മയും ചെയ്തത്

.

അതേസമയം ജലീലിന്റെ മകള്‍ പോസ്റ്റ് ചെയ്ത അതേ കുറിപ്പ് മറ്റൊരു വ്യക്തി മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വ്യക്തമായതോടെ മകളുടെ പോസ്റ്റ് ജലീലിന്റെ നാടകമാണെന്ന് വ്യക്തമായി. സഹതാപതരംഗം സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമം ഇതോടെ പരാജയപ്പെട്ടു.

പോസ്റ്റിന് മറുപടിയായി യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ന്നതോടെ ജലീലിന്റെ മകള്‍ പ്രതിരോധത്തിലായി. ജലീല്‍ ആസൂത്രിതമായി നടത്തിയ നാടകമാണ് പോസ്റ്റിന് പിന്നിലെന്ന് വ്യക്തമായതോടെ പോസ്റ്റ് മുക്കുകയായിരുന്നു.