മോണ്ടെവിഡിയോ: ബാര്‍സിലോന ക്ലബ് തന്നെ ചവിട്ടി പുറത്താക്കിയതാണെന്ന് യുറഗ്വായ് ഫുട്‌ബോള്‍ താരം ലൂയി സുവാരസ്. ചിലിയെ 2-1നു തോല്‍പിച്ച യുറഗ്വായുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു സുവാരസ്. ‘ബാര്‍സ വിടുംമുന്‍പുള്ള അവസാന ആഴ്ചകളില്‍ മനസ്സുനീറിയാണു ജീവിച്ചത്. കരയുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു’ സുവാരസ് പറഞ്ഞു.

പുതിയ കോച്ച് റൊണാള്‍ഡ് കൂമാന്റെ ടീമില്‍ താനുണ്ടാവില്ലെന്ന് വ്യക്തമാക്കിയ ശേഷം തന്നോട് അപരിചിതനെപ്പോലെയാണു ക്ലബ് പെരുമാറിയതെന്നും സുവാരസ് പറഞ്ഞു.’പരിശീലനത്തില്‍ എന്നെ പ്രധാന ടീമിനൊപ്പം കൂട്ടിയില്ല. കാരണം, ടീമിന്റെ ഒരു മത്സരത്തിലും എന്നെ കളിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല.

എന്റെ പ്രശ്‌നം പരിഹരിക്കുമെന്നു ക്ലബ് പരസ്യമായി പറഞ്ഞെങ്കിലും സംഗതി വഷളാക്കുകയാണ് അവര്‍ ചെയ്തത്. അവഗണനയുടെ പാരമ്യത്തിലാണ് അത്‌ലറ്റിക്കോ മഡ്രിഡില്‍ ചേരാനുള്ള അവസരം വന്നത്. രക്ഷപ്പെടാനുള്ള അവസരമായിക്കണ്ട് അതു സ്വീകരിച്ചു’ സുവാരസ് പറഞ്ഞു. യാത്രയയപ്പു വേദിയിലും തുടര്‍ന്നും മെസി പരസ്യമായി ക്ലബ് മാനേജ്‌മെന്റിനെതിരെ സംസാരിച്ചതില്‍ അദ്ഭുതമില്ല. എന്നെ പുറത്താക്കിയ രീതിയും എന്റെ വിഷമങ്ങളും അദ്ദേഹത്തിനു നന്നായി അറിയാമെന്നും സുവാരസ് പറഞ്ഞു.