ബാഴ്‌സലോണയുടെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമാവുന്നു. യുവന്റസിലേക്ക് ചേക്കേറാനൊരുങ്ങുന്ന സുവാരസ്, ടീം താരവും കടി വിവാദത്തിലെ എതിരാളിയുമായ ജോര്‍ജിയോ കില്ലിനിയെ ഫോണില്‍ വിളിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നതിനുമുമ്പ് യുവന്റസ് നായകനുമായുള്ള ബന്ധം സുഗമമാക്കുന്നതിന് വേണ്ടിയാണ് യുറുഗ്വായ് താരം വിളിച്ചതെന്നാണ് വിലയിരുത്തല്‍. 2014 ലോകകപ്പിലെ യുറുഗ്വായ്-ഇറ്റലി മത്സരത്തിനിടെ ജോര്‍ജിയോ കില്ലിനിയെ സുവാരസ് കടിച്ചത് വലിയ വിവാദമായിരുന്നു. യുറുഗ്വായ് 1-0ന് ജയിച്ച 2014 ഫിഫ ലോകകപ്പില്‍ ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചെല്ലിനി തന്നെ യുറുഗ്വായ് താരം ലൂയി സുവാരസ് കടിച്ച പാട് കാണിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. എന്നാല്‍ ക്ലബ് മാറ്റം വരുന്നതോടെ കടിച്ച തോളില്‍ കയ്യിട്ട് നടക്കേണ്ട അവസ്ഥയാണ് സുവാരസിനുള്ളത്.

അതേസമയം, ചില്ലിനിയെ കടിച്ച സംഭവത്തില്‍ ഫിഫയുടെ വിലക്ക് നേരിട്ട സുവാരസ് അന്നുതന്നേ കുറ്റമേറ്റുപറഞ്ഞ് മാപ്പു പറഞ്ഞിരുന്നു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ചില്ലിനിയോടും ഫുട്‌ബോള്‍ കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നുമാണ് അന്ന് സുവാരസ് പറഞ്ഞത്.

Juventus stars fight over Lionel Messi's shirt | Daily Mail Online

സുവരാസ് യുവന്റസിലെത്തുന്നതോടെ ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു അപൂര്‍വ നേട്ടത്തിനും താരം ഉടമയാവും. ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഒപ്പം നിന്ന് കളിക്കുന്ന പതിനാലാമത്തെ താരമായി സുവാരസ് മാറും. 13 കളിക്കാരണ് ഇതിനകം ഇരുവര്‍ക്കുമൊപ്പം കളിച്ചത്. ക്ലബ്ബ് തലത്തില്‍ മാത്രം നോക്കിയാല്‍ നാലാമത്തെ താരമാവും സുവാരസ്. ലോകതാരമായ മെസ്സിക്കൊപ്പം ബാഴ്സയില്‍ ആറ് സീസണില്‍ കളിച്ച താരം യുവന്റസില്‍ ലോകതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കുമെന്നതാണ് കൗതുകം.

ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സുവാരസ് ബാഴ്‌സലോണ വിടുന്ന കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. മെസി ബാഴ്‌സയില്‍ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതില്‍ നിന്ന് പിന്‍മാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ തീരുമാനം മാറ്റില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്റെ താത്പര്യക്കുറവാണ് സുവാരസിന് ബാഴ്സയില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുന്നത്. 10 മില്യണ്‍ യൂറോയ്ക്ക് രണ്ട് വര്‍ഷത്തെ കരാറില്‍ സുവാരസിനെ എത്തിക്കാനാണ് യുവന്റസിന്റെ ശ്രമമെന്ന് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. അത്‌ലറ്റികോ മാഡ്രിഡ്, പിഎസ്ജി, ലെസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകളും സുവാരസിനെ എത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.