കേന്ദ്രത്തിന്റെ കന്നുകാലി നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയതു. വിവാദ ഉത്തരവ് നാലാഴ്ചത്തേക്കാണ് തടഞ്ഞിരിക്കുന്നത്. വിവാദ വിഷയത്തില്‍ ഹൈക്കോടതിയിലെ മധുര ബെഞ്ച് സംസ്ഥാന സര്‍ക്കാരന്റെയും കേന്ദ്രത്തിന്റെയും വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് എംവി മുരളീധരനും ജസ്റ്റിസ് സിവി കാര്‍ത്തികേയനും അംഗമായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മെയ് 23 നാണ് കന്നുകാലി നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിക്കുന്നത്. കശാപ്പിനായുള്ള കന്നുകാലി വില്‍പന പാടില്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ടീയ കക്ഷികളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. അതോടെ കേന്ദ്രത്തിന്റെ ഉത്തരവ് വിവാദമായിത്തീര്‍ന്നു. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നതിന്റെ നൈതികതയും സാങ്കേതികത്തെറ്റും ചര്‍ച്ചയായി.

തമിഴ്‌നാടിനും ബംഗാളിനുമൊപ്പം സ്വരം കടുപ്പിച്ച് കേരളവും പ്രതിഷേധത്തിനിറങ്ങി. ഉത്തരവിലെ ഭരണഘടനാപരമായ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിവാദ ഉത്തരവ് കേരളത്തില്‍ നടപ്പാക്കില്ലെന്ന് തന്നെ ഉറച്ചു വാദിച്ച മുഖ്യമന്ത്രി ഇതര സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യര്‍ഥിച്ച് മറ്റു മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തു.

വളഞ്ഞ വഴിയിലൂടെ സംഘ് പരിവാര്‍ അജന്‍ഡ നടപ്പിലാക്കാനുള്ള ശ്രമമാണ് വിവാദ ഉത്തരവിലൂടെ കേന്ദ്രം ചെയ്യുന്നതെന്നാണ് പരക്കെയുളള വിമര്‍ശനം.