ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. മാഞ്ചസ്റ്ററിന് വേണ്ടി ക്രിസ് സ്മാളിങ്, റൊമേലു ലുകാക്കു എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 28-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഹെരേര നല്‍കിയ മനോഹരമായ ഒരു ത്രൂ പാസ് ലിംഗാര്‍ഡ് സമാളിംഗിന് മറിച്ച് നല്‍കി സ്മാളിങ് ഇത് അനായാസം വലയില്‍ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ച ബേണ്‍മൗത് നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ലിംഗാര്‍ഡിന് പകരം മൊറീഞ്ഞോ ലുകാകുവിനെ ഇറക്കിയത് ഫലം കാണുകയായിരുന്നു. പോഗ്ബയുടെ പാസ്സ് മികച്ച ഒരു ഫിനിഷിലൂടെ വലയില്‍ എത്തിച്ച് ലുകാകു യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യുണൈറ്റഡ് 74 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ആണ്. മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 70 പോയിന്റാണുള്ളത്. ശനിയാഴ്ച്ച സ്പര്‍സിനെതിരായ എഫ്എ കപ്പ് സെമി ഫൈനല്‍ ആണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.