ലണ്ടന്‍: റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്.

‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.

2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.

സെര്‍ബിയയില്‍ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാവുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് പിതാവ് യൂറിക്കൊപ്പം യുഎസിലെത്തിയത്. പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പര്‍ പദവിയിലേക്കു കുതിച്ചെത്തുകയും ചെയ്തു. എന്നാല്‍, ഷറപ്പോവയ്ക്കു 2016 ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല. 373-ാം റാങ്കുകാരിയായിരിക്കെയാണ് ഷറപ്പോവ കളമൊഴിഞ്ഞത്.