പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ തന്റെ മകനെ യു..എ.പി..എ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണെന്ന് വിജിതിന്റെ പിതാവ് വിജയൻ ചന്ദ്രിക ഓൺലൈനിനോട് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി ഏഴ് ദിവസം എൻ.ഐ.എയും കേരളത്തിലെ വിവിധ പൊലീസ് ഏജൻസികളും ചോദ്യം ചെയ്തിട്ടും തന്റെ മകനെതിരെ ഒരു തെളിവും കിട്ടിയിരുന്നില്ല. ഒടുവിൽ നേരത്തേ അറസ്റ്റിലായവർ വിജിതിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന വാദം നിരത്തിയാണ് എൻ.ഐ.എ മകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പിതാവിനൊപ്പം കൽപ്പറ്റ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിജിത് വിജയനെ എൻ.ഐ.എ കൊച്ചി യൂനിറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് അനീതിയാണെന്ന് താൻ ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ തങ്ങൾക്ക് സമ്മർദ്ദമുണ്ടെന്നാണ് അവർ മറുപടി നൽകിയതെന്നും വിജയൻ ആരോപിച്ചു.

നേരത്തേ എസ്.എഫ്.ഐയുടെ പ്രവർത്തകനായിരുന്നു തന്റെ മകൻ. കാലിക്കറ്റ് സർവ്വകലാശാല എഞ്ചനീയറിംഗ് കോളജിൽ എസ്.എഫ്.ഐയുടെ മുൻ യൂനിറ്റ് പ്രസിഡന്റും തേഞ്ഞിപ്പാലം എസ്.എഫ്.ഐ ഏരിയ മുൻ കമ്മിറ്റി അംഗവുമായിരുന്നു. അവിടെ എഞ്ചിനീയറിംഗ് കോളജിൽ നിന്ന് സെമസ്റ്റർ നഷ്ടപ്പെട്ടവർക്ക് കുറച്ച് കാലം ട്യൂഷനെടുത്തിരുന്നു. തുടർന്ന് കോഴിക്കോട് ചെറുകുളത്തൂരിൽ ട്യൂഷൻ സെന്റർ നടത്തി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അത് നിർത്തേണ്ടിവന്നു. തുടർന്ന് നാട്ടിലെത്തി റിസോർട്ട് നടത്താനുള്ള ശ്രമത്തിലായിരുന്നു വിജിത്. വിജയൻ പറയുന്നു.

2020 മെയ് മാസം രണ്ട് ദിവസം തുടർച്ചയായി വിജിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്തതാണ്. തുടർന്ന് ജൂലൈയിൽ അഞ്ച് ദിവസവും ചോദ്യം ചെയ്യൽ തുടർന്നു. അന്ന് എൻ.ഐ.എക്കൊപ്പം കേരള ഇന്റലിജൻസ് ബ്യൂറോ, സ്‌പെഷ്യൽ ബ്രാഞ്ച്, നാർക്കോട്ടിക് സെൽ തുടങ്ങിയവരും ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നു. അന്നൊന്നും കിട്ടാത്ത എന്തു തെളിവാണ് തന്റെ മകനെതിരായി ഇപ്പോൾ കിട്ടിയത്.? തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും പിതാവ് പറഞ്ഞു.

ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് വിജിതിനെ അറസ്റ്റ് ചെയ്തത്. വയനാട് വെങ്ങപ്പള്ളി സ്വദേശിയാണ് പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയായി എൻ.ഐ.എ കേസെടുത്ത വിജിത് വിജയൻ. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിതെന്നും അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തത് ഇയാളാണെന്നും എൻഐഎ ആരോപിക്കുന്നു. എന്നാൽ ഇത് അസത്യമാണെന്നാണ് കുടുംബം പറയുന്നത്.

പന്തീരങ്കാവ് കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്ന് പിണറായി വിജയൻ സർക്കാരാണ് ആവശ്യപ്പെട്ടത്. കേസിൽ നേരത്തേ യു..എ.പി.എ പ്രകാരം അറസ്റ്റിലായ രണ്ട് പേരും ഇടതുപ്രവർത്തകരായിരുന്നു. ഒരു തവണ അലനും താഹക്കും ജാമ്യം കിട്ടിയിരുന്നുവെങ്കിലും പിന്നീച് താഹയുടെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.

വേങ്ങപ്പള്ളിയിലെ വിജയൻ ചന്ദ്രമതി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് വിജിത്. അനിയൻ ജിതിൻ എറണാകുളത്ത് അഭിഭാഷക വിദ്യാർത്ഥിയാണ്. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ ക്ലാർക്കാണ് വിജയൻ. ഈ മാസം 30ന് വിരമിക്കും.