ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പില്‍ ഭാര്യ മെലാനിയ ട്രംപ് വളര്‍ത്തു മകള്‍ ഇവാന്‍കയോട് നടത്തിയ ഒരു ‘ചിരി’യാണ് ഇപ്പോള്‍ യു.എസിലെ ചര്‍ച്ച. വ്യാഴാഴ്ച നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ആയിരുന്നു വേദി. സ്റ്റേജില്‍ ഇവാന്‍കയെ ചിരിയോടെ സ്വീകരിച്ച്, തൊട്ടടുത്ത നിമിഷം ഭാവമാറ്റം വന്ന മെലാനിയയുടെ മുഖമാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.

മണിക്കൂറുകള്‍ക്കകം അഞ്ചു ലക്ഷം പേരാണ് ഈ വീഡിയോ വീക്ഷിച്ചത്. ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ മീമുകള്‍ അരങ്ങു തകര്‍ക്കുകയും ചെയ്തു. മെലാനിയയ്ക്ക് വളര്‍ത്തു മകളോട് ഇഷ്ടമില്ല എന്ന പാപ്പരാസികളുടെ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നത് കൂടിയായി വേദി.

വൈറ്റ് ഹൗസിലെ ഉപദേഷ്ടാവാണ് ട്രംപിന്റെ ആദ്യഭാര്യയുടെ മകളായ ഇവാന്‍ക. ഇന്ത്യയടക്കമുള്ള വിദേശരാഷ്ട്ര സന്ദര്‍ശനങ്ങളില്‍ ഇവാന്‍ക ട്രംപിനൊപ്പം ഉണ്ടാവാറുണ്ട്. ഇവരുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നറും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ്.