സേലം: സേലത്തെ ശിവരാജ് ഹോമിയോപ്പതി കോളേജില്‍ ഹാദിയയുടെ തുടര്‍പഠനത്തിന് എം.ജി.ആര്‍ സര്‍വ്വകലാശാല അനുമതി നല്‍കി. നേരത്തെ മുടങ്ങിയ ഒരു മാസത്തെ പഠനം പൂര്‍ത്തിയാക്കിയാല്‍ ഹാദിയക്ക് ഹൗസ് സര്‍ജന്‍സിയിലേക്ക് കടക്കാന്‍ കഴിയും. ഹാദിയ തുടര്‍ പഠനത്തിനു തമിഴ്‌നാട് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവു പ്രകാരം രണ്ടാഴ്ച മുമ്പാണ് ഹാദിയ കോളേജിലെത്തിയത്.

ഹാദിയയുടെ അപേക്ഷ പരിഗണിച്ച് സര്‍വകലാശാല തുടര്‍ പഠനത്തിന് അനുമതി നല്‍കി. വാര്‍ഷിക ഫീസ് അടച്ചു കഴിഞ്ഞാല്‍ ഹാദിയയ്ക്ക് ക്ലാസില്‍ പ്രവേശിക്കാന്‍ കഴിയും. വൈസ് ചാന്‍സലര്‍ ഒപ്പിട്ട ഉത്തരവ് രണ്ട് ദിവസത്തിനകം സേലത്തെ കോളേജില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൗസ് സര്‍ജന്‍സിക്ക് ഒരുമാസം മുമ്പാണ് ഹാദിയ പഠനം നിര്‍ത്തിയത്. ഈ സാഹചര്യത്തില്‍ പഠനം തുടര്‍ന്ന് ഹൗസ് സര്‍ജന്‍സി ചെയ്യണമെങ്കില്‍ സര്‍വ്വകലാശാലയുടെ അനുമതി ആവശ്യമാണ്. സുപ്രീംകോടതി ഉത്തരവുപ്രകാരം കോളേജിലെത്തിയ ഹാദിയ സര്‍വ്വകലാശാലക്ക് അപേക്ഷ നല്‍കുകയായിരുന്നു.