ലൈംഗികാരോപണം: പ്രിയാ രമണിക്കെതിരെ എം.ജെ അക്ബര്‍ അപകീര്‍ത്തി കേസ് നല്‍കി
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ അപകീര്‍ത്തി കേസ് നല്‍കി. ഡല്‍ഹി പട്യാല കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പ്രിയാ രമണിയാണ് ആദ്യം എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നത്. പിന്നീട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക അടക്കം പത്തില്‍ കൂടുതല്‍ സ്ത്രീകളാണ് കേന്ദ്രമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചത്.

ആരോപണങ്ങളുയര്‍ന്നപ്പോള്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന മന്ത്രി കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്. മാധ്യമങ്ങളെ കാണാന്‍ തയ്യാറാകാതിരുന്ന മന്ത്രി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതുമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.