മലപ്പുറം: യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഹസന്‍ പാണക്കാട്ടെത്തിയത്. യുഡിഎഫ് കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടുപോവുമെന്ന് ചര്‍ച്ചക്ക് ശേഷം ഹൈദരലി തങ്ങള്‍ പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് യുഡിഎഫ് കണ്‍വീനര്‍ പാണക്കാടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.