തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലും മാധ്യമ ചര്‍ച്ചയിലും പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. കെ.പി.സി.സി നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കെ.പി.സി.സി നേതൃയോഗത്തില്‍ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. സീറ്റ് നല്‍കിയ രീതിയെക്കുറിച്ച് എതിരഭിപ്രായമുണ്ട്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ ഉണ്ടാകൂ. രാജ്യസഭാ സീറ്റ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ യുവ എംഎല്‍എമാരും നേതാക്കളും വ്യാപകമായി സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ചൊരിഞ്ഞ പശ്ചാത്തലത്തിലാണ് പെരുമാറ്റചട്ടം കൊണ്ടുവരാന്‍ തീരുമാനിച്ചത്.