2011 ഏപ്രില്‍ രണ്ട്. വാംഖഡെ സ്റ്റേഡിയം. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ്. ഒരു വലിയ പോരാട്ട വേദിയില്‍ താരതമ്യേന മികച്ച സ്‌കോര്‍. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഒരു ടീം ഇത്രയും വലിയ സ്‌കോര്‍ ചെസ് ചെയ്ത് ജയിച്ചിട്ടില്ല. മഹേള ജയവര്‍ധനെ അടിച്ചെടുത്ത സെഞ്ച്വറി മികവിലായിരുന്നു ലങ്ക മുന്നൂറിനടുത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

വാംഖഡെയിലെ നിലക്കാത്ത ആരവങ്ങളിലേക്ക് മറുപടി ബാറ്റിങ്ങിനായി സെവാഗും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ സെവാഗിനെ മലിംഗ വിക്കറ്റിനു മുമ്പില്‍ കുരുക്കി. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ റണ്‍സ് പൂജ്യം. സ്വന്തം സ്റ്റേഡിയത്തില്‍ നന്നായി തുടങ്ങിയ സച്ചിന്‍ (18) ഏഴാം ഓവറില്‍ വീണു. സ്‌റ്റേഡിയം നിശ്ശബ്ദം. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 31 റണ്‍സ്.

പിന്നീടെത്തിയ ഗൗതംഗംഭീറും വിരാട് കോലിയും മധ്യഓവറുകളില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം മുമ്പോട്ടു പോകവെ ദില്‍ഷന്‍ പ്രഹരമേല്‍പ്പിച്ചു. 35 റണ്‍സെടുത്ത കോലി പുറത്ത്. അടുത്തതായി വരേണ്ടത് യുവരാജ് സിങ്. എന്നാല്‍ പവലിയനില്‍ നിന്ന് ഇറങ്ങി വന്നത് ആ ഏഴാം നമ്പറുകാരന്‍. മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ നായകന്‍. ടൂര്‍ണമെന്റില്‍ അതുവരെ മികച്ച ഒരു സ്‌കോര്‍ കണ്ടെത്താനാകാതെ ഉഴലുന്ന ക്യാപ്റ്റനെ നോക്കി വാംഖഡെ തരിച്ചു നിന്നു.

എന്നാല്‍ അക്ഷോഭ്യനായിരുന്നു ധോണി. മികച്ച ഫോമിലായിരുന്ന ഗംഭീറിനൊപ്പം പതിയെ പടര്‍ന്നു കയറി ആ ഇന്നിങ്‌സ്. 42-ാം ഓവറില്‍ സെഞ്ച്വറിക്ക് മൂന്നു റണ്‍സ് അകലെ ഗംഭീര്‍ വീണു. പിന്നാലെ യുവരാജെത്തി. ചടങ്ങുകളേ അപ്പോഴേക്കും ബാക്കിയുണ്ടായിരുന്നുള്ളൂ. 49-ാം ഓവര്‍ എറിയാനെത്തിയത് നുവാന്‍ കുലശേഖര. ആദ്യ പന്തില്‍ യുവരാജ് സിംഗിള്‍ എടുത്തു. ഫുള്‍ ലങ്തിലെത്തിയ രണ്ടാം പന്ത് ലോങ് ഓണിന് മുകളിലൂടെ ഗ്യാലറിയില്‍. സിക്‌സര്‍!

വാംഖഡെയില്‍ ആഹ്ലാദത്തിന്റെ അമിട്ടു പൊട്ടി. ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി അവര്‍ അലറി വിളിച്ചു. റീബോക്കിന്റെ ബാറ്റൊന്നു ചുഴറ്റി സ്റ്റംപ് പറിച്ചു വന്ന ധോണിയെ യുവാജ് ആശ്ലേഷിച്ചു മുത്തം വച്ചു. കമന്ററി ബോക്‌സില്‍ രവി ശാസ്ത്രി വിളിച്ചു പറഞ്ഞു.

‘ധോണി ഫിനിഷസ് തിംഗ്‌സ് ഓഫ് ഇന്‍ സ്‌റ്റൈല്‍. എ മഗ്‌നിഫിസന്റ് സ്‌ട്രൈക്ക് ഇന്റു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ ട്വന്റിഎയ്റ്റ് ഇയേഴ്‌സ്. ദ പാര്‍ട്ടി സ്റ്റാര്‍ട്ടഡ് ഇന്‍ ദ ഡ്രസിംഗ് റൂം. ഇറ്റ്‌സ് ഇന്ത്യന്‍ ക്യാപ്റ്റന്‍, ഹൂ ഹാസ് ബീന്‍ അബ്‌സല്യൂട്ട്‌ലി മഗ്‌നിഫിസന്റ് ഇന്‍ ദ നൈറ്റ് ഓഫ് ദ ഫൈനല്‍”

നിസ്സംശയം ധോണിയുടെ കളി ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു ലോകകപ്പ് ഫൈനലിലേത്. 2007ലെ പ്രഥമ ടി 20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ഇന്ദ്രജാലമാണ് 2011ലും ആവര്‍ത്തിക്കപ്പെട്ടത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുള്ള ഉചിതമായ സമ്മാനം കൂടിയായിരുന്നു ആ ലോകകപ്പ് നേട്ടം. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കൂടി നേടിയതോടെ ഐ.സി.സിയുടെ മൂന്ന് ട്രോഫിയും നേടുന്ന ആദ്യ നായകന്‍ എന്ന യശസ്സും ധോണിക്ക് സ്വന്തമായി.

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറും ഒരുപക്ഷേ ധോണിയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസിന്റെ മൈക്കല്‍ ബെവനും മൈക്ക് ഹസിക്കും ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ക്കും ഒരുപടി മുകളിലാണ് ധോണിയുടെ സ്ഥാനം.