കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചകള്‍ക്കെതിരെ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ്‌വാറിന്റെ പ്രചരണാര്‍ത്ഥം ശാഖാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സമരച്ചുമര് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ നിര്‍വഹിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എം.പി നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്റ്റുഡന്‍സ് വാറിന്റെ പ്രചരണാര്‍ത്ഥവും ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിനും രക്ഷിതാക്കള്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്
പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങളുടെ ( ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ വളാഞ്ചേരിയിലെ സഹോദരിയെ കൊലക്ക് കൊടുത്തത് , ഹൈടെക് ക്ലാസ്സുകളുടെ മേനി പറയുന്ന കാലത്ത് ക്ലാസ് റൂമില്‍ നിന്ന് പ്രിയപ്പെട്ടവള്‍ പാമ്പുകടിയേറ്റ് മരിച്ചത്, ടീച്ചറമ്മയുടെ നാട്ടില്‍ നാലാം ക്ലാസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്, ഫീസ് വര്‍ദ്ധനവ്, അവകാശ നിഷേധം മെറിറ്റ്,അട്ടിമറി ചരിത്രത്തിലാദ്യമായി എസ്എസ്എല്‍സി പരീക്ഷ രണ്ടുതവണ എഴുതിയത് തുടങ്ങിയ നിരുത്തരവാദ സമീപനങ്ങളുടെ) രേഖകള്‍ തയ്യാറാക്കി എല്ലാ ശാഖകളിലും പോസ്റ്റര്‍, ചുമരെഴുത്ത് രൂപത്തില്‍ പതിക്കും.