മുംബൈ:ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുകേഷ് അംബാനിക്ക് യാത്രയൊരുക്കുന്നതിനായി ഇന്ത്യയില്‍ ഏറ്റവും വിലയേറിയ ബുള്ളറ്റ് പ്രൂഫ് വാഹനമായ മെഴ്‌സിഡസ് ബെന്‍സ് എസ്600 ഗാര്‍ഡ് എത്തി. ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ കവചിത വാഹനനിരയിലെ ശക്തമായ മോഡലാണ് ബെന്‍സ് എസ്600 ഗാര്‍ഡ്. ബെന്‍സിന്റെ മേബാക്ക് എസ്600നെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ കവചിത വാഹനം, പൂര്‍ണമായും ജര്‍മനിയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തിയത്. ഏകദേശം പത്ത് കോടി രൂപയോളമാണ് എസ്600 ഗാര്‍ഡിന്റെ വിലയെന്നാണ് സുചന.

ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ശേഷിയുള്ളതും, ബോംബ്, ഗ്രനേഡ്, മൈന്‍, വെടിയുണ്ട തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ബോഡിയാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനം സഞ്ചരിക്കുമ്പോള്‍ ടയര്‍ പഞ്ചറായാലും 30 കിലോമീറ്റര്‍ ദൂരം ആ അവസ്ഥയില്‍ സഞ്ചരിക്കാനുള്ള സംവിധാനവുമുണ്ട്.വിആര്‍10 ലെവര്‍ പ്രൊട്ടക്ഷനോടെയാണ് ഈ വാഹനം എത്തുന്നത്. ലോകത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ സിവിലിയന്‍ വാഹനമാണ് ബെന്‍സ് എസ്600 ഗാര്‍ഡ്.