തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താവാണ്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാരെപ്പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പൊലീസുകാരന്റെയും സര്‍വ്വ വിവരങ്ങളും ശേഖരിച്ച് സി.പി.എം ഓഫീസിലെത്തിക്കുന്ന പോസ്റ്റുമാന്റെ പണിയാണ് ഇപ്പോള്‍ ഡി.ജി.പി ചെയ്യുന്നത്. ഇത് കേരളാ പൊലീസിന് അപമാനമാണ്. ഡി.ഡി.പി ഇറക്കിയ സര്‍ക്കുലറിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കണം. പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. സ്വതന്ത്രവും നിര്‍ഭയവുമായി സമ്മതിദാനാവകാശം നിര്‍വഹിക്കാനുള്ള പൊലീസുകാരുടെ മൗലിക അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പൊലീസുകാരെ ഉപയോഗിച്ച് വന്‍തുക പിരിക്കുന്നതായി ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.