ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര സൗരോര്‍ജ്ജ സഖ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ആത്മാവും ജീവദാതാവുമായാണ് സൂര്യനെ വേദങ്ങള്‍ പരിഗണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം വേദങ്ങളിലേക്ക് മടങ്ങിപ്പോകലാണെന്നും അദ്ദേഹം പറഞ്ഞു.

സൗരോര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് 10 മാര്‍ഗങ്ങള്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇന്ത്യയുടെ സൗരോര്‍ജ്ജ വൈദ്യുത പദ്ധതികള്‍ക്ക് പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കാനും ഭാവി വികസനത്തിനും സഹായകരമാകുന്നതാണ് സൗരോര്‍ജ്ജ സഖ്യ ഉച്ചകോടി.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.