വെല്ലിങ്ടണ്‍: ആദ്യ ഇന്നിങ്‌സില്‍ 595 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പതിവുപോലെ തോറ്റു. സമനിലയാകും എന്ന് കരുതിയ ടെസ്റ്റാണ്‌ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്‍ഡ് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച നടക്കും.

സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ബംഗ്ലദേശ്: 595-8, 160-9, ന്യൂസിലാന്‍ഡ്: 539,217-3

രണ്ടാം ഇന്നിങ്‌സിലെ ദയനീയ ബാറ്റിങാണ് കടുവകളെ പൂച്ചകളാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 595 എന്ന റെക്കോര്‍ഡ് സ്‌കോറാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഒരു വിദേശ രാജ്യത്ത് ബംഗ്ലാദേശ് നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല ഡബിള്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഷാക്കിബ് അല്‍ ഹസന്റെയും(217) മുഷ്ഫിഖുര്‍ റഹീമുമൊന്നിച്ചുള്ള (159) റെക്കോര്‍ഡ് കൂട്ടുകെട്ടിനും കൂടി ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സാക്ഷിയായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് അതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും ബംഗ്ലാദേശിന്റെ ഒപ്പമെത്താനായില്ല. ഫലമോ അതിഥികള്‍ക്ക് 56 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും.

എന്നാല്‍ രണ്ടം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ബാറ്റിങ് മറന്നു. 50 റണ്‍സെടുത്ത സാബിര്‍ റഹ്മാന് മാത്രമെ തിളങ്ങാനായുളളൂ. ട്രെന്‍ഡ് ബൗള്‍ട്ട് മൂന്നും സാന്റ്‌നര്‍, നെയില്‍ വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ഇതോടെ 216 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അതിവേഗ സെഞ്ച്വറിയുമായി കളം പിടിച്ച കെയിന്‍ വില്യംസണാണ് (90 പന്തില്‍ 104) ന്യൂസിലാന്‍ഡ് വിജയം എളുപ്പമാക്കിയത്. റോസ് ടെയ്‌ലര്‍ 60 റണ്‍സെടുത്ത് വില്യംസണ് കൂട്ടായി.