ഓവല്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. കോളിന്‍ മണ്‍റോ
വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞ മത്സരത്തില്‍ 47 റണ്‍സിനാണ് കിവികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് പോരാട്ടം 18.1ഓവറില്‍ 148ല്‍ അവസാനിച്ചു. കോളിന്‍മണ്‍റോയുടെ വെടിക്കെട്ട് ബാറ്റിങാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ പ്രത്യേകത.

54 പന്തില്‍ ഏഴ് വീതം സിക്‌സറുകളുടെയും ബൗണ്ടറികളുടെയും അകമ്പടിയോടെ 101 റണ്‍സാണ് മണ്‍റോ നേടിയത്. മന്റോയുടെ ഫിഫ്റ്റി 31 പന്തുകളില്‍ നിന്നാണെങ്കില്‍ സെഞ്ച്വറികളിലേക്കെത്താന്‍ വേണ്ടിവന്നത് 21 പന്തുകള്‍. ബംഗ്ലാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മണ്‍റോ അവസാനം റൂബെലിന്റെ പന്തിലാണ് പുറത്തായത്. 59 റണ്‍സെടുത്ത ടോം ബ്രൂസ് മണ്‍റോക്ക്‌ ഒത്ത പങ്കാളിയായി. എന്നാല്‍ മന്‍ റോയുടെ വെടിക്കെട്ടിന് പകരം വെക്കരാവുന്ന ഇന്നിങ്‌സ് ബംഗ്ലാദേശില്‍ നിന്നുണ്ടായില്ല.

48 റണ്‍സെടുത്ത സാബിര്‍ റഹ്മാന് മാത്രമെ തിളങ്ങാനായുള്ളൂ. സൗമ്യ സര്‍ക്കാര്‍ 39 റണ്‍സ് നേടി. ന്യൂസിലാന്‍ഡിന് വേണ്ടി ഇഷ് സോദി മൂന്നും ബെന്‍ വീലര്‍ കെയിന്‍ വില്യംസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും.