കോഴിക്കോട്: നിപ വൈറസ് പകരുമോ എന്ന ആശങ്കയില്‍ പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ ജീവനക്കാരെ ബസ് ജീവനക്കാര്‍ ഇറക്കി വിട്ടു. മറ്റ് വാഹനങ്ങളില്‍ ജീവനക്കാരെ കയറ്റാന്‍ തയ്യാറായില്ല.

രോഗികളെ പരിചരിച്ചതിന് പിന്നാലെ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നതെന്നാണ് ചിലരുടെ ന്യായീകരണം. രോഗം പടരുമെന്ന ഭീതിയില്‍ പലരും ബന്ധുവീടുകളില്‍ അഭയം തേടി. എങ്ങോട്ട് പോകണമെന്നറിയാതെ വീടിന് പുറത്തിറങ്ങാതിരിക്കുന്നവരുമുണ്ട്.

അതേസമയം, നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.

എന്നാല്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂസയുടെ ബന്ധുകളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപറമ്പ് പൊതുശ്മശാനത്തിലാവും മൃതദേഹം മറവ് ചെയ്യുക. പത്തടി ആഴത്തില്‍ ഇതിനായി കുഴി വെട്ടും. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളിയും തീര്‍ക്കും.