Connect with us

Health

വീണ്ടും നിപ ഭീതി; മരുന്നില്ല, പ്രതിരോധമാണ് പ്രധാനം; മുന്‍കരുതല്‍ എങ്ങനെ? രോഗലക്ഷണങ്ങള്‍ എന്തെല്ലാം

പനിബാധിച്ച് 2 പേര്‍ കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്.

Published

on

വീണ്ടും നിപയുടെ പേടിയിലാണ് കേരളം. പനിബാധിച്ച് 2 പേര്‍ കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്. മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

എന്താണ് നിപ വൈറസ്?

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോറ്റിക് രോഗമാണ് നിപയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പഴകിയ ഭക്ഷണത്തില്‍ നിന്നോ, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യമായി സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോര്‍ട്ട്. പന്നികളില്‍ നിന്നായിരുന്നു മലേഷ്യയില്‍ അക്കാലത്ത് നിപ വൈറസ് പകര്‍ന്നിരുന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു.
രോഗബാധയുള്ള വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലര്‍ന്ന പഴങ്ങള്‍ ഭക്ഷിച്ചതിലൂടെയാണ് ഇരു രാജ്യങ്ങളിലും നിപ വൈറസ് പടര്‍ന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് നിപ.

നിപയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം?

അണുബാധയേറ്റവരില്‍ അഞ്ച് മുതല്‍ 14 ദിവസത്തിന് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രധാനലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിച്ചേക്കാം.

നിപയെ പേടിക്കേണ്ടതുണ്ടോ?

നിപ രോഗബാധിതരായ പലരും പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെങ്കിലും ചിലരില്‍ നിപ മൂലം തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും സാധ്യതയുണ്ട്. 40 മുതല്‍ 75 ശതമാനം വരെയാണ് മരണനിരക്ക്. രോഗബാധിതരില്‍ ന്യമോണിയ ഉണ്ടാകുന്നതായും, ശ്വസനസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിപ പകരുന്നത് എങ്ങനെ?

അതിവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള നിപ വൈറസിന്റെ പ്രധാനവാഹകരാണ് പഴംതീനി വവ്വാലുകള്‍. പന്നികളില്‍ നിന്നും വവ്വാലുകളില്‍ നിന്നുമാണ് രോഗം പടരുന്നത്. നേരത്തെ കേരളത്തില്‍ നിപവൈറസ് പടര്‍ന്നത് വവ്വാലുകളില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.

നിപയെ തടയാന്‍ മരുന്നുകളുണ്ടോ?

നിപ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടെത്തിയിട്ടില്ല. നിപയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമാണ്.

നിപയെ എങ്ങനെ പ്രതിരോധിക്കാം?

അസുഖബാധയുള്ള വവ്വാലിന്റെ കാഷ്ടം, മൂത്രം, ഉമിനീര്‍ തുടങ്ങിയവ മനുഷ്യ ശരീരത്തിലെത്തിയാല്‍ അത് രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കാന്‍ ശ്രമിക്കുക. രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുന്നതാണ് ഉചിതം. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി വൃത്തിയാക്കാനും ഉണക്കാനും ശ്രദ്ധിക്കുക.

വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നവര്‍ കൈയ്യുറയും മാസ്‌ക്കും ധരിക്കണം

വൈറസ് ബാധിച്ച വ്യക്തി മരിച്ചാല്‍ മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിവ ഒഴിവാക്കുക. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് കുളിപ്പിക്കുന്നവര്‍ മുഖം തുണികൊണ്ട് മറക്കണം. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

Trending