സഹോദരന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 768 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനെ ഇപ്പോള്‍ എല്ലാവരും അറിയും. സോഷ്യല്‍മീഡിയ സമരം ഏറ്റെടുത്തതോടെ വന്‍പിന്തുണയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ശ്രീജിത്ത് മാത്രമല്ല, അധികാരികളുടെ കനിവ് തേടി സമരരംഗത്തുള്ളത്. ശ്രീജിത്തിന്റേത് കൂടാതെ, 300 ദിവസം പിന്നിട്ട അഞ്ച് സമരങ്ങളാണ് ഇവിടെ നടക്കുന്നത്. വാടകവീട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ടതിനെ തുടര്‍ന്ന് കയറിക്കിടക്കാന്‍ ഒരു ചെറുവീടിനായി 76കാരിയായ തൃക്കണ്ണാപുരം സ്വദേശി കനകമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ 548 ദിവസമായി സമരമിരിക്കുന്നു. അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കനകമ്മ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ആരെങ്കിലും എത്തിക്കുന്ന ആഹാരം കഴിച്ചാണ് കനകമ്മ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ആരോഗ്യസ്ഥിതിയും മോശമാണ്.
നാലുമാസം പ്രായമുള്ള മകള്‍ രുദ്രയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായാണ് ഊരൂട്ടമ്പലം സ്വദേശിയായ പിതാവ് സുരേഷ് ബാബുവും ഭാര്യ രമ്യയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് 392 ദിവസം പിന്നിട്ടു. 2016 ജൂലൈ 10ന് എസ്.എ.ടി ആസ്പത്രിയില്‍ രുദ്ര മരിച്ചത് മരുന്നുമാറി കുത്തിവെച്ചതുകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സമരത്തിനിടെ, സുരേഷ് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കവിളില്‍ വേല്‍ കുത്തിയും കുരിശുചുമന്നും പലരീതിയിലും പ്രതിഷേധിച്ചു. ഭാര്യയെ പ്രതീകാത്മകമായി കിടത്തി ശവമഞ്ചം ചുമക്കേണ്ടിയും വന്നു. സുരേഷിന്റെയും ഭാര്യയുടെയും പേരില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ട്. രണ്ടര വയസ്സുള്ളപ്പോള്‍ മൂത്ത മകള്‍ ദുര്‍ഗയെ സമരത്തിനിറക്കിയതും കേസായി. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയാണ് സുരേഷ് സമരം തുടരുന്നത്.
ജീവന് ഭീഷണിയായ പാറക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ് കിളിമാനൂര്‍ സ്വദേശി സേതു സമരം ആരംഭിച്ചത്. 302 ദിവസം നീണ്ട സമരത്തിനിടെ ഇടക്ക് അറസ്റ്റിനും വിധേയനായി. അനിയന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയും ഇപ്പോള്‍ സേതുവിനുണ്ട്. വീട്ടില്‍ നിന്നു 130 മീറ്റര്‍ അകലെയുള്ള പാറമടയില്‍ നിന്നു കരിങ്കല്‍ച്ചീളികള്‍ തെറിച്ച് മക്കള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായതോടെയാണ് സേതു സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ഇടക്ക് അറസ്റ്റുണ്ടായി. അഞ്ചുദിവസം ജയിലില്‍ കഴിഞ്ഞു. രണ്ടുമാസം സെക്രട്ടറിയേറ്റിനുമുന്നില്‍ കാണരുതെന്ന വിലക്കുണ്ടായതോടെ സമരം താല്‍ക്കാലികമായി കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റി. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചെത്തി. ഇടക്ക് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന അപകടത്തിന് കിട്ടേണ്ട നഷ്ടപരിഹാര തുക അഭിഭാഷകനും ഇന്‍ഷുറന്‍സ് കമ്പനിയും ഒത്തുകളിച്ച് നഷ്ടപ്പെടുത്തിയെന്ന പരാതിയുമായി കൊല്ലം സ്വദേശിയായ ശശിയും കുടുംബവും സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒരു വര്‍ഷം പിന്നിട്ടു. രണ്ടര ലക്ഷത്തോളം രൂപ അന്ന് ചികിത്സക്ക് ചെലവായി. പത്ത് വര്‍ഷം കഴിഞ്ഞ് നഷ്ടപരിഹാരമായി ലഭിച്ചത് 20,500 രൂപ. ശശിക്ക് 56 ശതമാനം ശാരീരികക്ഷമത നഷ്ടപ്പെട്ടുവെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുമുണ്ട്. മരണം വരെ സമരം ചെയ്യുമെന്നാണ് ശശി പറയുന്നത്.
അരിപ്പ ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി നടത്തുന്ന സമരത്തിന് 341 ദിവസങ്ങളുടെ ദൈര്‍ഘ്യമുണ്ട്. കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആദിവാസി-ദലിത് വിഭാഗത്തിനും ഒ.ബി.സി.ക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കൃഷിഭൂമി നല്‍കണമെന്നാണ് ആവശ്യം. കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പയില്‍ അഞ്ചുവര്‍ഷത്തെ സമരത്തിനു ശേഷമാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ സ്ഥിരം സമരപ്പന്തല്‍ തുറന്നത്. സെക്രട്ടേറിയറ്റിലെ വടക്കേ സമരഗേറ്റ് മുതല്‍ പത്തോളം സ്ഥിരം സമരപ്പന്തലുകളാണ് ഇപ്പോഴുള്ളത്. അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്.