ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കിയാണ് ടൊവിനോ എത്തിയത്. താന്‍ വന്നതുകൊണ്ട് സമരത്തെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയുമെങ്കില്‍ സന്തോഷമേ ഉള്ളു എന്നും ടോവിനോ പറഞ്ഞു. ശ്രീജിത്തിന്റെ കാര്യങ്ങള്‍ കേട്ട് മനസ്സിലാക്കിയ ടോവിനോ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ നിവിന്‍ പോളി, ജൂഡ് ആന്റണി, ജോയ് മാത്യു എന്നിവരും ശ്രീജിത്തിന് പിന്തുണയറിച്ച് ഫെയ്‌സ്ബുക്കിലൂടെ രമഗത്തെത്തിയിരുന്നു.

അതേസമയം തുടര്‍ച്ചയായ സമരവും നിരാഹാരവും മൂലം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്. അതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.