തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ തൃശൂര്‍ പൊലീസ് അക്കാദമി ഡയറക്ടറായ എ.വി ജോര്‍ജിനെ, കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജോര്‍ജ് ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ജോര്‍ജിനെ സസ്‌പെന്റ് ചെയ്യുകയോ വകുപ്പുതല നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നുള്ള റിപ്പോര്‍ട്ട്, ഉച്ചയോടെയാണ് ഐ.ജി ശ്രീജിത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നല്‍കിയത്. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് കൈമാറി. വൈകിട്ടോടെ ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തു. എസ്.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍.ടി.എഫ്) സംസ്ഥാന പൊലീസ് മേധാവിയുടെയും സര്‍ക്കാരിന്റെയും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് ഐ.ജി കണ്ടെത്തിയിരുന്നു. പലപ്പോഴും നിയമാനുസൃതമായിരുന്നില്ല സംഘത്തിന്റെ പ്രവര്‍ത്തനം. മാത്രവുമല്ല സംഘത്തിനെ മുപ്പതിലധികം തവണ എസ്.പി നേരിട്ട് അഭിനന്ദിച്ചിരുന്നതായും ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജോര്‍ജിനെതിരെ നിര്‍ണായകമായ പത്തിലധികം തെളിവുകള്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡി മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ (ആര്‍.ടി.എഫ്) ജോര്‍ജ് വഴിവിട്ട് സഹായിച്ചതിനുള്ള തെളിവുകളും റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
പ്രതികളാണെന്നറിഞ്ഞിട്ടും കുറ്റവാളികളായ പൊലീസുകാരെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ എസ്.പി ശ്രമിച്ചതിന്റെ തെളിവുകളും യാത്രയയപ്പ് വേളയില്‍ ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പ്രത്യേകാന്വേഷണ സംഘം ഡി.ജി.പിക്ക് കൈമാറിയിരുന്നു.
ഇന്റലിജന്‍സ് വഴിയാണ് ജോര്‍ജിനെതിരായ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചത്. വാരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെതുടര്‍ന്നാണ് എ.വി ജോര്‍ജിനെ റൂറല്‍ എസ്പി സ്ഥാനത്തു നിന്നു നീക്കി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിയമിച്ചത്.