പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരായ പ്രതിഷേധത്തിന് തീപിടിക്കുന്നു. ദിനംപ്രതി വില നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ അധികാരം മറയാക്കി നടക്കുന്ന പകല്‍ കൊള്ളക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. ജനരോഷം ഉയരുമ്പോഴും ഇത് കണക്കിലെടുക്കാതെ വില വര്‍ധിപ്പിക്കുന്ന നടപടി എണ്ണക്കമ്പനികള്‍ തുടരുകയാണ്. വില വീണ്ടും ഉയരുമെന്നാണ് സൂചന. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട ഒത്താശ ചെയ്യുന്നതാണ് താങ്ങാനാകാത്ത വിലക്കയറ്റത്തിന് കാരണമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
രാജ്യാന്തര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ വര്‍ധനയുണ്ടായതിന്റെ പേര് പറഞ്ഞാണ് യാതൊരു നീതികരണവുമില്ലാത്ത രീതിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയത്. മോട്ടോര്‍ തൊഴിലാളികളും ചെറുകിട സംരംഭങ്ങളിലൂടെ സ്വയം തൊഴില്‍ കണ്ടെത്തിയവരേയും കേന്ദ്ര സര്‍ക്കാര്‍ നിലപാട് കാരണം നരകയാതന അനുഭവിക്കുന്നത്. പൊതു വിപണിയിലും വലിയ വിലക്കയറ്റത്തിന് ഇന്ധനവിലവര്‍ധന ഇടയാക്കും. ഡീസല്‍, പെട്രോള്‍ വില കുറക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വെക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. റോഡ്ഗതാഗതമേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പണിമുടക്ക് വിജയിപ്പിക്കാന്‍ ജനറല്‍ കണ്‍വീനര്‍ കെ.കെ ദിവാകരന്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ പി. നന്ദകുമാര്‍ (സി.ഐ.ടി.യു), ജെ. ഉദയഭാനു(എ.ഐ.ടി.യു.സി), അഡ്വ. ഇ. നാരായണന്‍ നായര്‍, വി.ആര്‍ പ്രതാപന്‍ (ഐ.എന്‍.ടി.യു.സി), വി.കെ.എ തങ്ങള്‍ (എസ്.ടി.യു), അഡ്വ.റ്റി.സി വിജയന്‍ (യു.ടി.യു.സി), മനയത്ത് ചന്ദ്രന്‍, മനോജ് ഗോപി(എച്ച്.എം.എസ്), മനോജ് പെരുമ്പള്ളി(ജനതാ ട്രേഡ് യൂണിയന്‍, സലിം ബാബു (ടി.യു.സി.ഐ) തൊഴിലുടമാസംഘം നേതാക്കളായ ലോറന്‍സ് ബാബു, റ്റി. ഗോപിനാഥന്‍, വി.ജെ സെബാസ്റ്റ്യന്‍, പി.കെ മൂസ, എം.ബി സത്യന്‍, ജോണ്‍സണ്‍ പയ്യപ്പള്ളി, ജോസ് കുഴിപ്പില്‍, നൗഷാദ് ആറ്റുപറമ്പത്ത്, ആര്‍. പ്രസാദ്, എം.കെ ബാബുരാജ്, എ.ഐ ഷംസുദ്ദീന്‍, (ബസ്) കെ.കെ ഹംസ, കെ. ബാലചന്ദ്രന്‍, (ലോറി), പി.പി ചാക്കോ (ടാങ്കര്‍), എം.കെ വിജയന്‍, കെ.ജി ഗോപകുമാര്‍(വര്‍ക്ക് ഷോപ്പ്) എന്‍.എച്ച് ഖാജാഹുസൈന്‍ (യൂസ്ഡ് വെഹിക്കിള്‍) കെ. രാജഗോപാല്‍ (സ്‌പെയര്‍ പാര്‍ട്‌സ്), എ.റ്റി.സി കുഞ്ഞുമോന്‍ (പാഴ്‌സല്‍ സര്‍വീസ്) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

30 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: ഇന്ധനവില കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 30 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കാന്‍ സ്വകാര്യബസുടമകളുടെ തീരുമാനം. ഇന്നലെ തലസ്ഥാനത്തു ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ യോഗത്തിലാണ് തീരുമാനം. അതിനു മുന്നോടിയായി ജനുവരി 20ന് ബസുടമകള്‍ സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാര സമരം നടത്തുമെന്നും കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മിനിമം ചാര്‍ജ് 10 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയുമാക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായും നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 2014 മെയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നടത്തിപ്പു ചെലവില്‍ വന്‍ വര്‍ധനയാണുണ്ടായതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ധനവിന് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമയത്ത് ഡീസല്‍ ലിറ്ററിന് 54 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 67 രൂപയായെന്നു മാത്രമല്ല വില ദിനംപ്രതി വര്‍ധിക്കുകയുമാണ്. ഇന്‍ഷ്വറന്‍സ് ഇനത്തില്‍ 68 ശതമാനം വര്‍ധനയുണ്ടായെന്നും സ്വകാര്യ ബസ് മേഖല തകര്‍ച്ചയെ നേരിടുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, കണ്‍വീനര്‍മാരായ എം.ബി സത്യന്‍, ജോണ്‍സണ്‍ പയ്യപ്പിള്ളി, എം.കെ ബാബുരാജ്, എ.ഐ ഷംസുദ്ദീന്‍, ജോസ് കുഴുപ്പില്‍, എം.വി വത്സന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.