തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ അന്വേഷണ സംഘത്തിന് മുന്നിലേക്ക് ഒളിച്ചുപോവുന്നത് നാടിനോടുള്ള കരുതലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി. മന്ത്രിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മന്ത്രിയെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഭയന്നതുകൊണ്ടല്ല, സുരക്ഷാ കാരണങ്ങള്‍കൊണ്ടാണ് ജലീല്‍ തന്റെ യാത്രകള്‍ രഹസ്യമാക്കി വെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിന്റെ മടിയില്‍ കനമില്ലെന്നതിന്റെ തെളിവാണ് അദ്ദേഹം അന്വേഷണത്തിന് നേരിട്ട് ഹാജരാവുന്നത്. അദ്ദേഹത്തിന് ഒന്നും ഒളിക്കാനില്ല. ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിട്ടില്ല. കോണ്‍സുലേറ്റില്‍ നിന്ന് അദ്ദേഹത്തെ ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. വഖഫ് മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്. സര്‍ക്കാറിനെതിരെ കോ-ലീ-ബി സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെയോടെയാണ് മന്ത്രി കെ.ടി ജലീല്‍ സ്വകാര്യ വാഹനത്തില്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിയത്. ആറ് മണിക്കൂറോളമാണ് എന്‍ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്തത്. കേസില്‍ സാക്ഷിയായാണ് തന്നെ വിളിപ്പച്ചതെന്ന് ജലീല്‍ പിന്നീട് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.