ഡോട്മുണ്ട്: ഇംഗ്ലണ്ടിനെതിരെ അതിമനോഹര ഗോളോടെ ലൂകാസ് പൊഡോള്‍സ്‌കി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. സൗഹൃദ മത്സരത്തില്‍ ജര്‍മനിക്ക് ഏക ഗോളിന്റെ വിജയമൊരുക്കിയാണ് 31-കാരന്‍ 13 വര്‍ഷം നീണ്ട കരിയറിന് രാജകീയ വിരാമമിട്ടത്. 69-ാം മിനുട്ടില്‍ 35 വാര അകലെനിന്നായിരുന്നു ഇംഗ്ലീഷ് ഹൃദയം ഭേദിച്ച ഇടങ്കാലന്‍ ഷോട്ട്.

ജര്‍മനിയിലെ ഡോട്മുണ്ട് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച അവസരങ്ങള്‍ ഏറെ ലഭിച്ചെങ്കിലും ഗോളാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഗാരി സൗത്ത്‌ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ആദം ലല്ലാന, ഡെലി അലി, ജാമി വാര്‍ഡി എന്നിവര്‍ക്കെല്ലാം മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് ഗോളിലെത്തിക്കാന്‍ കഴിഞ്ഞില്ല. ജര്‍മന്‍ കീപ്പര്‍ ടെര്‍ സ്റ്റയ്ഗന്റെ മികച്ച സേവുകളാണ് പലപ്പോഴും ആതിഥേയര്‍ക്ക് തുണയായത്.

ആദ്യ പകുതിയില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് ബാറിനു മുകളിലൂടെ അടിച്ചു പറത്തിയ പൊഡോള്‍സ്‌കി എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഗോളോടെയാണ് ജര്‍മനിയെ മുന്നിലെത്തിച്ചത്. ആേ്രന്ദ ഷുര്‍ലെയുടെ പാസ് സ്വീകരിച്ച് പൊഡോള്‍സ്‌കി തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വെടിയുണ്ട കണക്കെ വലയിലെത്തി. പോളണ്ടില്‍ ജനിച്ച പൊഡോള്‍സ്‌കി ജര്‍മനിക്കു വേണ്ടി 130 മത്സരങ്ങളില്‍ നേടുന്ന 49-ാം ഗോളായിരുന്നു ഇത്. 84-ാം മിനുട്ടില്‍ സെബാസ്റ്റിയന്‍ റൂഡിക്കു വേണ്ടി മൈതാനം വിട്ട താരത്തെ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്നാണ് ആശീര്‍വദിച്ചത്.