ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരായ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ല. നാദിര്‍ഷക്ക് ശാരീരിക അവസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. 9.45ഓടെ നാദിര്‍ഷ ആലുവ പൊലീസ് ക്ലബില്‍ എത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് പ്രാരംഭ നടപടികള്‍ പുരോഗമിക്കവെയാണ് നാദിര്‍ഷക്ക് ശാരീരിക അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് വൈദ്യ പരിശോധനക്കായി ഡോക്ടര്‍മാരുടെ സംഘത്തെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ്, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ പ്രമേഹം താഴ്ന്നതായി കണ്ടെത്തി. വൈദ്യ പരിശോധനയില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കുകയുള്ളൂവെന്ന് എസ്.പി എ.വി ജോര്‍ജ്ജ് പറഞ്ഞു.