ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേരളത്തില്‍ വന്നത് വര്‍ഗീയ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലെത്തിയതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മതേതരത്വം കാത്തുസൂക്ഷിക്കുന്ന കേരളത്തില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ക്രമസമാധാനം ആദ്യം ശരിയാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തിനെതിരെ ബിജെപി നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തുന്ന പദയാത്ര രാഷ്ട്രീയ നാടകമാണ്. കേരളത്തില്‍ അത് വിലപ്പോവില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി പിഞ്ചു കുഞ്ഞുങ്ങളാണ് മരിക്കുന്നത്. ക്രമസമാധാനം അങ്ങേയറ്റം തകരാറിലാണ്. സ്വന്തം സംസ്ഥാനത്തെ പരിതാപകരമായ അവസ്ഥ കാണാതെ കേരളത്തെ കുറ്റപ്പെടുത്തുകയാണ് യോഗി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.