ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ചുമത്തിയ ഒരു രൂപ പിഴയടക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കോടതിവിധിക്കെതിരെ പോരാട്ടം തുടരും. പുനഃപരിശോധനാ ഹര്‍ജി നല്‍കും. അനീതിക്കെതിരെ പോരാടാന്‍ പലര്‍ക്കും ഇത് പ്രചോദനമാവുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പിഴയടക്കാനുള്ള ഒരു രൂപ പ്രശാന്ത് ഭൂഷണ് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ വിമര്‍ശിച്ചതിനാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയതോടെ കോടതി കുടുങ്ങി. അറ്റോര്‍ണി ജനറലും പ്രശാന്ത് ഭൂഷണെ പിന്തുണച്ചതോടെ ജഡ്ജിമാര്‍ ശരിക്കും വെട്ടിലാണ്. ഇതിനെ തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ച കോടതി ഭൂഷണ് ഒരു രൂപ പിഴ വിധിച്ചത്.