ഡല്‍ഹി: ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചവരില്‍ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള സമയമായെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തെ യുവാക്കള്‍ക്ക് ഈ മുന്നേറ്റത്തില്‍ പ്രധാന പങ്കു വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജി.ഡി.പിയിലെ വന്‍ വീഴ്ച, പ്രതിശീര്‍ഷ ജി.ഡി.പിയില്‍ ബംഗ്ലാദേശിനും പിന്നില്‍, ശാസ്ത്രാവബോധത്തില്‍ പിന്നില്‍, പത്രസ്വാതന്ത്രത്തില്‍ ഏറ്റവും പിന്നില്‍, ജനാധിപത്യ, നീതിന്യായ സ്ഥാപനങ്ങളുടെ സൂചികയില്‍ വന്‍ വീഴ്ച തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

ആഗോള വിശപ്പ് സൂചികയില്‍ 107ല്‍ 94ാം സ്ഥാനം, അസമത്വ സൂചികയില്‍ 157ല്‍ 147ാം സ്ഥാനം, വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ 122ാം സ്ഥാനം, വായുവിന്റെ ഗുണനിലവാരത്തില്‍ 179ാം സ്ഥാനം, സന്തോഷ സൂചികയില്‍ 144ാം സ്ഥാനം, പത്ര സ്വാതന്ത്ര്യത്തില്‍ 140ാം സ്ഥാനം, പരിസ്ഥിതി സംരക്ഷണത്തില്‍ 167ാം സ്ഥാനം എന്നിങ്ങനെയാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനമെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.