മുംബൈ: ഭീമാ കോറെഗാവ് കേസില്‍ മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവര്‍ ഉള്‍പ്പെടെ എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമാ കോറെഗാവില്‍ ആള്‍ക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിക്കും വിധം ഇടപെട്ടെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. ആനന്ദ് തെല്‍ത്തുംബ്‌ഡെ, ഗൗതം നവ്‌ലാഖ തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.

അതിനിടെ, കേസുമായി ബന്ധപ്പെട്ട്, ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ജസ്യൂട്ട് പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ വീട്ടില്‍നിന്നാണ് എണ്‍പത്തിമൂന്നുകാരനായ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം കസ്റ്റിഡിയില്‍ എടുത്തത്. സ്റ്റാന്‍ സ്വാമി നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകന്‍ ആണെന്നാണ് എന്‍ഐഎ പറയുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ഫണ്ട് സമാഹരിച്ചിരുന്നതായും എന്‍ഐഎ ആരോപിച്ചു.

ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ സ്റ്റാന്‍ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലഘുലേഖകള്‍ സ്റ്റാന്‍ സ്വാമിയുടെ പക്കല്‍നിന്നു പിടിച്ചെടുത്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീമ കോറെഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവരുമായി സ്റ്റാന്‍ സ്വാമിക്കു ബന്ധമുള്ളതായി എന്‍ഐഎ പറഞ്ഞു.

അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്ചോര്‍ എന്നിവരും പ്രേമ അഭിയാന്‍ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രതിപ്പട്ടികയിലുള്ള മിലിന്ദ് തെല്‍തുംബ്ഡെ ഒളിവിലാണ്. ഈ വര്‍ഷം ജനുവരി 24നാണ് ഭീമ കോറെഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മോദി സര്‍ക്കാരിന്റെയും എന്‍.ഐ.എയുടെയും കപടതയ്ക്ക് അതിരുകളില്ലെന്നായിരുന്നു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. ആദിവാസി ജീവിതങ്ങളേക്കാള്‍ ഖനന കമ്പനികളുടെ ലാഭമാണ് സര്‍ക്കാരിന് മുഖ്യമെന്നതിനാലാണ് അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്റ്റാന്‍ സ്വാമിയെ പോലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിമര്‍ശിച്ചു.

പൂനെയ്ക്കടുത്ത് ഭീമാ കോറെഗാവ് പോരാട്ടത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ബോധപൂര്‍വം ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്നാണ് ആരോപണം.