കൊല്ലം:ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ലോക്‌സഭയില്‍ നിന്നുള്ള എംപിയാണദ്ദേഹം.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലുള്ള പ്രേമചന്ദ്രന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ലോക്‌സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

സമ്മേളനത്തില്‍ വിവിധ സെഷനുകളിലും ചര്‍ച്ചകളിലും എന്‍ കെ പ്രേമചന്ദ്രന്‍ സജീവമായി പങ്കെടുത്തിരുന്നു. സെപ്തംബര്‍ 16ന് ലോക്‌സഭാ ചെയറില്‍ ഇരിക്കാനും പ്രേമചന്ദ്രന് അവസരം ലഭിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പ്രേമചന്ദ്രനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവരെ നിരീക്ഷണത്തിലാക്കി.

മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പെടെയുള്ള 30 പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം കൂടുതല്‍ പേരിലേക്ക് ബാധിക്കുന്നതോടെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും.