ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ചെല്‍സിയെ അട്ടിമറിച്ച് ദുര്‍ബലരായ വെസ്റ്റ്ഹാം. ലണ്ടന്‍ ഡെര്‍ബിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വെസ്റ്റ്ഹാമിന്റെ ജയം. ആറാം മിനുട്ടില്‍ മാര്‍കോ അന്‍നോവിച്ച് നേടിയ ഗോളാണ് വെസ്റ്റ്ഹാമിനും കോച്ച് ഡേവിഡ് മോയസിനും എന്നും ഓര്‍ത്തിരിക്കാവുന്ന ജയം സമ്മാനിച്ചത്. രണ്ടാഴ്ച മുമ്പ് വെസ്റ്റ്ഹാമില്‍ ചുമതലയേറ്റ കോച്ച് ഡേവിഡ് മോയസിന്റെ ആദ്യം ജയം കൂടിയാണിത്. എട്ട് തുടര്‍ച്ചയായ മത്സരങ്ങളിലെ തോല്‍വിക്കു ശേഷമാണ് വെസ്റ്റ്ഹാം ജയിക്കുന്നത്.

കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വീരോചിത പോരാട്ടം കാഴ്ചവെച്ചിട്ടും തോല്‍വി വഴങ്ങേണ്ടി വന്ന വെസ്റ്റ്ഹാം ചെല്‍സിക്കെതിരെ വിജയം അര്‍ഹിക്കുന്ന കളിയാണ് പുറത്തെടുത്തത്. തുടര്‍ച്ചയായ ആക്രമണങ്ങളുമായി ആന്റോണിയോ കോന്റെയുടെ സംഘത്തെ വിറപ്പിച്ച ഹാമ്മേഴ്‌സ് ആസൂത്രിതമായ നീക്കങ്ങള്‍ക്കൊടുവിലാണ് വലകുലുക്കിയത്.

പോയിന്റ് ടേബിളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും (43) യുനൈറ്റഡിനും (32) പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയുടെ സീസണിലെ നാലാം തോല്‍വിയാണിത്. ലീഗിലെ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ഞായറാഴ്ച സിറ്റിയും യുനൈറ്റഡും ഏറ്റുമുട്ടുന്നുണ്ട്. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് കിക്കോഫ്.