ഹൈദരാബാദ്: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ സ്വന്തം സ്‌കൂട്ടര്‍ കത്തിച്ച് യുവാവിന്റെ പ്രതിഷേധം. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ടി.ഡി.പി പ്രവര്‍ത്തകന്‍ സ്വന്തം സ്‌കൂട്ടര്‍ കത്തിച്ച് പ്രതിഷേധിച്ചത്. ഒമ്പത് ദിവസങ്ങള്‍ക്കിടെ ലിറ്ററിന് രണ്ട് രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്ധനവില വര്‍ധിക്കാന്‍ കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് പിടിച്ചുനിര്‍ത്തിയിരുന്ന ഇന്ധനവില വര്‍ധന തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കണക്ക് പ്രകാരം പെട്രോള്‍ വിലയില്‍ ലിറ്ററിന് രണ്ട് രൂപ 24 പൈസയുടെ വര്‍ധനയാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. കൊല്‍ക്കത്തയില്‍ 2.21, മുംബൈയില്‍ 2.22, ചെന്നൈയില്‍ 2.36 രൂപ എന്നിങ്ങനെയാണ് വില വര്‍ധന.

അതിനിടെ ഇന്ധനവില വര്‍ധന ചര്‍ച്ച ചെയ്യാന്‍ പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുടെ യോഗം വിളിച്ചു. എക്‌സൈസ് നികുതി കുറക്കാന്‍ പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന.