തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മനുഷ്യക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണെന്ന വെളിപ്പെടുത്തലുമായി തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്. വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയിട്ടുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. സുനിയെക്കുറിച്ചുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഏറെ വിശ്വാസമുള്ളയാളില്‍ നിന്നാണ് സുനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ മനുഷ്യക്കടത്തിന് ആരെയൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തണം. സുനിയുടെ വ്യാജപാസ്‌പോര്‍ട്ടിനെക്കുറിച്ചും വിദേശയാത്രയെക്കുറിച്ചും അന്വേഷിക്കണം. ഇടക്കാലത്ത് സിനിമയില്‍ എത്തിയവരില്‍ പലരും ഇവിടെനിന്ന് മാറിപ്പോയതായി കേള്‍ക്കുന്നു. മനുഷ്യക്കടത്തില്‍ ഇവര്‍ അകപ്പെട്ടതാണോ എന്നും അന്വേഷിക്കണം. സര്‍ക്കാരിന്റെ നിലപാട് കണക്കിലെടുത്ത് സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പി.ടി തോമസ് പറഞ്ഞു.