പാരിസ്: ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കളിക്കാരനെ ചവിട്ടിയ റഫറി ടോണി ഷാപ്രണിനെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആറു മാസത്തേക്ക് വിലക്കി. ജനുവരി 14-ന് പി.എസ്.ജിയും നാന്റെസും തമ്മിലുള്ള മത്സരത്തിനിടെ നാന്റെസ് ഡിഫന്റര്‍ ഡീഗോ കാര്‍ലോസിനു നേരെ വഴിവിട്ടു പ്രതികരിച്ചതിനാണ് നടപടി. വിചിത്ര സംഭവം വിവാദമായതിനെ തുടര്‍ന്ന് ഷാപ്രണെ എഫ്.എഫ്.എഫ് തല്‍ക്കാലത്തേക്ക് വിലക്കിയിരുന്നു.

ലീഗ് വണ്ണില്‍ പി.എസ്.ജിയും നാന്റെസും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെയാണ് മത്സരം നിയന്ത്രിച്ച റഫറി ടോണി ഷാപ്രണ്‍ നാന്റസ് ഡിഫന്റര്‍ ഡീഗോ കാര്‍ലോസിനെ കിക്ക് ചെയ്തത്. എതിര്‍ ഹാഫിലേക്ക് ഓടുന്നതിനിടെ മുന്നിലുണ്ടായിരുന്ന തന്നെ കാര്‍ലോസ് അബദ്ധത്തില്‍ തള്ളിയിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പുറമെ കളിക്കാരന് രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കി ഗ്രൗണ്ടില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

പന്തുമായി മുന്നേറുന്ന ടീമിനെ സഹായിക്കുന്നതിനായി കാര്‍ലോസും എതിര്‍ ബോക്‌സിലേക്ക് ഓടുകയായിരുന്നു. അതിനിടെ, തന്റെ മുന്നില്‍ മാര്‍ഗ തടസ്സമായി കയറി വന്ന റഫറി ടോണി ഷാഫ്രണെ ബ്രസീലിയന്‍ താരം അബദ്ധത്തില്‍ തള്ളിത്താഴെയിട്ടു.

നിലത്തുവീണ ഷാപ്രണ്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കാര്‍ലോസിന്റെ കാല്‍ ലക്ഷ്യമാക്കി ഒരു കിക്ക് പ്രയോഗിച്ചു. ഒഴിഞ്ഞു മാറിയതിനാല്‍ താരത്തിന്റെ കാലില്‍ ചെറിയ തോതിലേ കിക്ക് കൊണ്ടുള്ളൂ.. എന്നാല്‍, ഇതുകൊണ്ടും അരിശം തീരാതിരുന്ന റഫറി നാന്റസ് താരത്തിനു നേരെ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. നേരത്തെ ഒരു കാര്‍ഡ് കണ്ടിരുന്നതിനാല്‍ താരത്തിന് കളം വിട്ട് പോകേണ്ടിയും വന്നു.

റഫറിയുടെ വിചിത്രമായ തീരുമാനത്തില്‍ പ്രതിഷേധിച്ച ശേഷമാണ് കാര്‍ലോസ് ഗ്രൗണ്ട് വിട്ടു പോയത്. പ്രകോപിതനായ താരത്തെ സഹതാരങ്ങളും എതിര്‍ടീം കളിക്കാരും പിടിച്ചു മാറ്റുകയായിരുന്നു.

റഫറിയുടെ തീരുമാനത്തിനെതിരെ നാന്റസ് പ്രസിഡണ്ട് വാല്‍ദമര്‍ കീറ്റ രൂക്ഷമായാണ് പ്രതികരിച്ചത്. ഷാപ്രണെ ആറു മാസം വിലക്കണമെന്നാവശ്യപ്പെട്ട് നാന്റസ് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന് (എഫ്.എഫ്.എഫ്) കത്തു നല്‍കിയിരുന്നു. സംഭവങ്ങളുടെ ഫുട്ടേജ് പരിശോധിച്ച എഫ്.എഫ്.എഫ് കാര്‍ലോസിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍ തന്നെ റദ്ദാക്കി.

ആറു മാസത്തേക്കാണ് ഷാപ്രണിന്റെ വിലക്കെന്നും ഈ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹത്തിന് ലീഗ് വണ്‍, ലീഗ് ടു മത്സരങ്ങള്‍ നിയന്ത്രിക്കാമെന്നും ഫ്രാന്‍സ് റഫറീയിങ് ബോഡി ടെക്‌നിക്കല്‍ ഡയറക്ടര്‍ പാസ്‌കര്‍ ഗരീബിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.