ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യ മുസ്്‌ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന മ്യാന്മര്‍ ഭരണകൂടവും സൈനിക നടപടിക്ക് മൗനാനുവാദം നല്‍കുന്ന സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയും അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടു. പ്രമുഖ രാജ്യങ്ങളെല്ലാം മ്യാന്മറിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

റോഹിന്‍ഗ്യ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്റെയും സ്വീഡന്റെയും ആവശ്യപ്രകാരം യു.എന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് രക്ഷാസമിതി യോഗം ചേരുന്നത്. ആഗസ്റ്റ് 25ന് സൈനിക നടപടി തുടങ്ങിയ ശേഷം 370,000 റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്ന യു.എന്‍ റിപ്പോര്‍ട്ട് അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെയാണ് കാണുന്നത്.

അന്താരാഷ്ട്ര നിയമത്തന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും പാലിക്കാതെയാണ് മ്യാന്മര്‍ അധികാരികള്‍ പെരുമാറുന്നതെന്ന് റഅദ് അല്‍ ഹുസൈന്‍ കുറ്റപ്പെടുത്തിയിരുന്നു. റാഖിനില്‍നിന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് പറയുന്ന സൂകിയുടെ നൊബേല്‍ സമ്മാനം തിരിച്ചുവാങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വൈറ്റ്ഹൗസ് അപലപിച്ചു

മ്യാന്മറില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെ തുടരുന്ന സൈനിക നടപടിയെ വൈറ്റ്ഹൗസ് അപലപിച്ചു. സുരക്ഷാ ചുമതലയുള്ള അധികാരികള്‍ നിയമങ്ങളെ മാനിക്കണമെന്നും ജനങ്ങളെ കൂട്ടത്തോടെ ആട്ടിയോടിക്കുന്നത് അവസാനിപ്പിക്കണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. മ്യാന്‍മര്‍ സുരക്ഷാ സേന സാധാരണക്കാരെ സംരക്ഷിക്കുന്നില്ലെന്നാണ് റാഖിന്‍ സ്റ്റേറ്റിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

സൈന്യത്തിന്റെ ആക്രമണം ഭയന്ന് മൂന്നു ലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതിനെ അമേരിക്ക ആശങ്കയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടക്കുരുതികള്‍, ഗ്രാമങ്ങള്‍ ചുട്ടെരിക്കല്‍, ബലാത്സംഗം തുടങ്ങി ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് മ്യാന്മറില്‍ നടക്കുന്നത്. കലാപ ഭൂമിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് മ്യാന്മര്‍ ഭരണകൂടത്തോട് സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക സഹായം നല്‍കാന്‍ ബംഗ്ലാദേശ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

റാഖിന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെ തുടരുന്ന അക്രമങ്ങളെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മീഷനും അപലപിച്ചു. ഗ്രാമങ്ങളെ ഇടിച്ചുനിരത്തിയും കുടുംബങ്ങളെ കൊന്നുതള്ളിയും അഭയാര്‍ത്ഥികള്‍ പോകുന്ന വഴികളില്‍ കുഴിബോംബ് വിതറിയും മാനുഷിക ദുരന്തത്തിന് ആക്കം കൂട്ടുകയാണ് സൈന്യം ചെയ്യുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഡാനിയല്‍ മാര്‍ക്ക് കുറ്റപ്പെടുത്തി. മ്യാന്മര്‍ ഭരണകൂടവും സൈന്യവും അന്താരാഷ്ട്ര മനുഷ്യാവകാശ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അക്രമങ്ങളെ തുറന്ന് അപലപിക്കാന്‍ സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്മര്‍ തിരിച്ചെടുക്കണം: ഷെയ്ഖ് ഹസീന

അഭയാര്‍ത്ഥികളായി മാറിയ റോഹിന്‍ഗ്യ മുസ്്‌ലിംകളെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മ്യാന്മറിനോട് ആവശ്യപ്പെട്ടു. അതിര്‍ത്തിക്കു സമീപം ഉഖിയ പ്രവിശ്യയിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. റോഹന്‍ഗ്യ മുസ്്‌ലിംകള്‍ മ്യാന്മറിന്റെ പൗരന്മാരാണ്. മ്യാന്മറാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. അവര്‍ തന്നെ അതിന് പരിഹാരവുമുണ്ടാക്കണം. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ബന്ധങ്ങളാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും ഹസീന വ്യക്തമാക്കി.

റോഹിന്‍ഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് മ്യാന്മറിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗീകരിച്ചു. എന്നാല്‍ റോഹിന്‍ഗ്യക്കാരായ വിഘടനവാദികളുമായാണ് സൈന്യം ഏറ്റുമുട്ടുന്നതെന്നാണ് ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മറിന്റെ വിശദീകരണം. അക്രമങ്ങളില്‍ എല്ലാ സമുദായങ്ങള്‍ക്കുമുണ്ടായ പ്രയാസങ്ങളിലും കുടിയിറക്കപ്പെടലുകളിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക മ്യാന്മറും പങ്കുവെക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.