ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മൂന്ന് റെസ്റ്ററന്‍ഡുകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഡല്‍ഹിയിലെ ജസോല മേഖലയിലാണ് റെസ്റ്ററന്‍ഡുകള്‍ ഭക്ഷണം വിതരണം ചെയ്തത്. ഇതിനു പിന്നാലെയാണ് സൈബര്‍ ആക്രമണവും ഭീഷണിയും ഉണ്ടായത്.

എന്നാല്‍ ഭീഷണി കൊണ്ട് പിന്മാറാന്‍ ഒരുക്കമല്ല എന്നും ഇനിയും വിതരണം ചെയ്യുമെന്നും ഹോട്ടല്‍ ഉടമകളില്‍ ഒരാളായ ശിവം സെഹ്ഗാള്‍ ദ ക്വിന്റ് ന്യൂസ് പോര്‍ട്ടലിനോട് പറഞ്ഞു. ‘എന്‍ജിഒകളുമായി സഹകരിച്ച് സമൂഹത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധാരാളമായി ചെയ്യാറുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ’- അവര്‍ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ഏജന്‍സിയുടെ ട്വീറ്റിന് മൂന്നു മണിക്കൂര്‍ പ്രായമായപ്പോഴേക്ക് ആയിരക്കണക്കിന് കമന്റുകളാണ് വന്നത്. മിക്ക കമന്റുകളും റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ അധിക്ഷേപിച്ചുള്ളതായിരുന്നു. പലരും ഹോട്ടല്‍ ബഹിഷ്‌കരിക്കണമെന്ന് വരെ ആഹ്വാനം ചെയ്തു- സെഹ്ഗാള്‍ പറയുന്നു.

ഭക്ഷണത്തിന് മതമില്ല എന്ന തത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്. അടുത്ത തവണ മാധ്യമ ശ്രദ്ധ വേണ്ട എന്നാഗ്രഹിക്കുന്നു. ആവശ്യക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനാണോ പ്രശ്‌നം? – അദ്ദേഹം ചോദിച്ചു.