ലണ്ടന്‍: ശക്തരായ ബാര്‍സിലോണയെ രണ്ടാം പാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനത്തില്‍ അട്ടിമറിച്ച ഏ.എസ് റോമ അതേ ആത്മവിശ്വാസത്തില്‍ ഇന്ന് സെമി ഫൈനല്‍ ആദ്യ പാദത്തിനിറങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്കാരെ വലിയ മാര്‍ജിനില്‍ തകര്‍ത്ത ആത്മവീര്യവുമായി സ്വന്തം മൈതാനത്തിന്റെ വിശാലതയില്‍ ആദ്യപാദം കളിക്കുന്നവരായ ലിവര്‍പൂളാണ് പ്രതിയോഗികള്‍. ഇംഗ്ലീഷ്-ഇറ്റാലിയന്‍ യുദ്ധത്തില്‍ ചൂടും ചൂരും ഉറപ്പാണെന്ന സത്യത്തില്‍ മല്‍സരത്തിന്റെ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല. മുഹമ്മദ് സാലേ എന്ന ഗോള്‍ വേട്ടക്കാരന്റെ ശക്തിയിലാണ് ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ആവേശമുണ്ട് ലിവര്‍പൂളിന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായ സാഹചര്യത്തില്‍ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് എന്ന വലിയ പട്ടമാണ് ടീം ലക്ഷ്യമിടുന്നതെന്ന് കോച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ പിറകോട്ടില്ല എന്നതാണ് ടീമിന്റെ മുദ്രാവാക്യം.1984 ലാണ് അവസാനമായി റോമക്കാര്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമി കളിച്ചത്. ഇത്തവണ അവര്‍ക്ക് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. ബാര്‍സിലോണയുടെ തട്ടകമായ നൗകാമ്പില്‍ ആദ്യ പാദത്തില്‍ നാല് ഗോളിന് തകര്‍ന്ന ടീം പക്ഷേ രണ്ടാം പാദത്തില്‍ വിസ്മയ ടീമായി മാറുകയായിരുന്നു. എല്ലാ ഗോളുകളും തിരിച്ചടിക്കുക മാത്രമല്ല എവേ ഗോള്‍ നിയമത്തിന്റെ ശക്തമായ പിന്‍ബലത്തില്‍ സെമി ടിക്കറ്റ് നേടുകയും ചെയ്തു. ആത്മവിശ്വാസത്തിലാണ് റോമ താരങ്ങള്‍. ഇന്നലെ ആന്‍ഫീല്‍ഡില്‍ നടത്തിയ പരിശീലനത്തില്‍ നിന്ന് തന്നെ അവരുടെ കരുത്ത് പ്രകടമാണ്. ഡാനിയല്‍ ഡി റോസി, എദിന്‍ സേക്കോ, റാദ്ജ നൈന്‍ഗോലാന്‍, സ്റ്റീഫന്‍ അല്‍ ഷറാവി തുടങ്ങിയവരാണ് ടീമിന്റെ ശക്തി കേന്ദ്രങ്ങള്‍. ലിവര്‍പൂള്‍ പ്രതിരോധം ഇടക്കിടെ പ്രകടിപ്പിക്കുന്ന ചാഞ്ചാട്ടമാണ് റോമക്കാരുടെ പ്രതീക്ഷ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ദുര്‍ബലരെന്ന് കരുതിയിരുന്ന വെസ്റ്റ് ബ്രോം ലിവര്‍പൂളിനെ കഴിഞ്ഞ ദിവസം 2-2 ല്‍ തളച്ചതും യുസെബിയോ ഡി ഫ്രാന്‍സിസ്‌ക്കോ പരിശീലിപ്പിക്കുന്ന സംഘത്തിന് പ്രതീക്ഷയേകുന്നു. എന്നാല്‍ സ്വന്തം മൈതാനത്ത് റോമക്ക് മുന്നില്‍ തല താഴ്ത്തിയാല്‍ അതോടെ കഥ കഴിയുമെന്ന സത്യം മനസ്സിലാക്കി തന്നെയാണ് ലിവര്‍പൂള്‍ കരുക്കള്‍ നീക്കുന്നത്.